അഞ്ച് ലക്ഷം രൂപയുടെ അലൂമിനിയം ഷീറ്റുകൾ മോഷ്ടിച്ചെന്ന കേസ്; ആന്ധ്രയിൽ നിന്ന് പ്രതിയെ പിടികൂടി വാഴക്കാട് പൊലീസ് | Vazhakkad aluminium sheet theft
Current: മലയാളം

റിപ്പോർട്ട്: അൻവർ ഷരിഫ്
എടവണ്ണപ്പാറ: വാഴയൂർ കാരാട് പ്രവർത്തിക്കുന്ന ഫറൂഖ് ബോർഡ്സ് ലിമിറ്റഡ് സ്ഥാപനത്തിൽ നിന്ന് ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന അലൂമിനിയം ഷീറ്റുകൾ മോഷ്ടിച്ചെന്ന കേസിൽ ആന്ധ്രപ്രദേശ് സ്വദേശിയെ വാഴക്കാട് പൊലീസ് പിടികൂടി. ആന്ധ്രപ്രദേശ് വെളിമല താത്തൂർ സ്വദേശി ചല്ല ഗോവിന്ദ് റാവുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. (Vazhakkad aluminium sheet theft)
സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പ്രതി സെപ്റ്റംബർ ആറിന് അലൂമിനിയം ഷീറ്റുകൾ മെഷീൻ ഉപയോഗിച്ച് ചെറിയ കഷണങ്ങളാക്കി ചാക്കുകളിൽ സൂക്ഷിച്ച ശേഷം ആക്രി സാധനങ്ങൾക്കൊപ്പം ലോറിയിൽ കയറ്റി വിൽക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. സ്ഥാപനത്തിലെ സ്റ്റോക്കിൽ കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാനേജർ പന്തീരങ്കാവ് സ്വദേശി മുജീബ് റഹ്മാൻ സെപ്റ്റംബർ 12ന് വാഴക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ പ്രതി സ്വന്തം നാടായ ആന്ധ്രപ്രദേശിലേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെളിമല താത്തൂർ ഭാഗത്തുനിന്ന് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
വാഴക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുരേഷ് കരുമാരക്കാടന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. എസ്.സി.പി.ഒമാരായ റഫീഖ് അൻസാർ, രാഹുലൻ, ഫിറോസ് ഖാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസിൽ തുടർ അന്വേഷണം നടക്കുകയാണ്.
Summary: Vazhakkad police arrested an Andhra Pradesh native in connection with the alleged theft of aluminium sheets worth around Rs 5 lakh from a company in Karad, Vazhayur. Police traced the accused to Andhra Pradesh using mobile phone location data.




