ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജിയാവശ്യത്തിലും തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതയിലും നിലപാട് വ്യക്തമാക്കി എൻ.ഡി.എ ഘടകകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ: തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയിൽ ജനങ്ങൾക്ക് സംശയം ഉണ്ടാകാതിരിക്കാൻ സി.ഇ.സി ജ്ഞാനേഷ് കുമാർ ആരോപണങ്ങൾക്ക് കൃത്യവും ദൃഢവുമായ മറുപടി നൽകണമെന്ന് ആവശ്യം
Current: മലയാളം

ഡല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മറ്റ് ഇലക്ഷന് കമ്മീഷണര്‍മാരുമായുള്ള ഭിന്നതയിലും ചീഫ് ഇലക്ഷന് കമ്മീഷണര്‍ ജ്ഞാനേഷ് കുമാര്‍ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടെ, വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായ മറുപടി നല്‍കണമെന്ന് എന്‍.ഡി.എ ഘടകകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്.
ഇലക്ഷന് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് സംശയങ്ങളോ അവിശ്വാസമോ ഉണ്ടാകാതിരിക്കാന്‍ സി.ഇ.സി വിഷയത്തില്‍ തങ്ങളുടെ നിലപാട് ദൃഢമായി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചീഫ് ഇലക്ഷന് കമ്മീഷണറുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ മറ്റ് രണ്ട് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും 14 തവണ രേഖാമൂലം എതിര്‍പ്പറിയിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സി.ഇ.സി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ഇതിനോട് പ്രതികരിക്കുകയായിരുന്നു ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) അധ്യക്ഷന്‍ കൂടിയായ ചിരാഗ് പാസ്വാന്.
രാഷ്ട്രീയ ആക്ഷേപങ്ങള്‍ ഉന്നയിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ജോലിയാണെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയില്‍ ജനങ്ങള്‍ക്ക് സംശയങ്ങള്‍ ഉയര്‍ന്നാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു.
വോട്ടര്‍മാരുടെ ആത്മവിശ്വാസം നിലനിര്‍ത്തേണ്ടത് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍ പട്ടിക പരിഷ്കരണം, ഫോം 6 മാറ്റങ്ങള്‍, ഡാറ്റാബേസ് കേന്ദ്രീകരണം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ കമ്മീഷനകത്ത് ഭിന്നതയുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഭരണപക്ഷത്ത് നിന്നുള്ള മുതിര്‍ന്ന നേതാവിന്റെ നിര്‍ണ്ണായക പ്രതികരണം.
അതേസമയം, വിവാദങ്ങള്‍ തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനങ്ങള്‍ ഏകകണ്ഠമായാണ് കൈക്കൊള്ളുന്നതെന്ന് വിശദീകരിച്ചു.




