കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം: തിരുവനന്തപുരത്ത് വൻ ഗതാഗത ക്രമീകരണങ്ങളും പാർക്കിങ് സൗകര്യങ്ങളും | Traffic Restrictions

Current: മലയാളം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ഉച്ചയ്ക്ക് 2.30-ന് ആരംഭിക്കുന്ന മത്സരത്തിന് മുന്നോടിയായി രാവിലെ 8 മണി മുതൽ തന്നെ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധനകൾ ആരംഭിക്കും. ടിക്കറ്റുള്ള കാണികളെ മാത്രമേ കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ.(Traffic Restrictions And Parking Arrangements For India Vs West Indies Match At Karyavattom)
മത്സരം കാണാനെത്തുന്ന കാണികൾക്കായി കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്, ഗവൺമെന്റ് കോളേജ്, ബി.എഡ് സെന്റർ, എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, അൽസാജ് കൺവെൻഷൻ സെന്റർ, ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ ഈ പാർക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങും. വി.ഐ.പി, വി.വി.ഐ.പി വാഹനങ്ങൾക്കായി പ്രത്യേക മേഖലകൾ വേർതിരിച്ചിട്ടുണ്ട്. കാണികൾക്ക് പാർക്കിങ് ഏരിയയിൽ നിന്ന് സ്റ്റേഡിയത്തിലേക്കും തിരികെയും സഞ്ചരിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രത്യേക വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെട്ടുറോഡ് വഴി തീരദേശ റോഡ് തിരഞ്ഞെടുക്കണം. ശ്രീകാര്യം ഭാഗത്തുനിന്നുള്ളവർ ചാവടിമുക്ക്-കുളത്തൂർ വഴിയും സഞ്ചരിക്കേണ്ടതാണ്. ചെങ്കോട്ടുകോണം-കാര്യവട്ടം റൂട്ടിലും നിയന്ത്രണമുണ്ടാകും. തിരക്ക് കുറയ്ക്കുന്നതിനായി സ്വകാര്യ വാഹനങ്ങൾ പരമാവധി ഒഴിവാക്കി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ ഉപയോഗിക്കണമെന്നും കാറുകളിൽ എത്തുന്നവർ പൂളിങ് രീതി പ്രയോജനപ്പെടുത്തണമെന്നും പൊലീസ് നിർദ്ദേശിച്ചു.
Story Summary
Thiruvananthapuram City Police has announced extensive traffic and parking arrangements for the India vs West Indies ODI match at Karyavattom Greenfield Stadium. Strict security checks will begin from 8 AM, with special parking facilities and KSRTC shuttle services arranged for spectators.




