"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വടകരയിൽ സ്റ്റേഷന് മുന്നിൽ യുവതിയെ കുത്തിവീഴ്ത്തിയത് കൊലപ്പെടുത്താൻ ഉറപ്പിച്ച്. ഒരാഴ്ചയായി കത്തി കൈയിൽ കരുതി കാത്തിരുന്നെന്ന് പങ്കാളി ജിനീഷിന്റെ കുറ്റസമ്മതം. ഇൻസ്റ്റാഗ്രാം പോസ്റ്റുകളും ലഹരി ഇടപാടും വൈരാഗ്യത്തിന് ആക്കംകൂട്ടി. കത്തിയുടെ പിടി ഒടിഞ്ഞതിനാൽ കീർത്തന തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

വടകര: കോളിളക്കം സൃഷ്ടിച്ച എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി ജാമ്യവ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതി കീർത്തനയെ ലിവിങ് ടുഗെദർ പങ്കാളി വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി കുത്തിവീഴ്ത്തിയത് ജീവനോടെ ബാക്കിവെക്കില്ലെന്ന ഉറച്ച ലക്ഷ്യത്തോടെയെന്ന് പോലീസ് കണ്ടെത്തൽ. 

സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പേരാമ്പ്ര പെരുവണ്ണാമൂഴി താനിയോടത്ത് ജിനീഷ് (38) പോലീസിന് നൽകിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കീർത്തനയെ വധിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ മൂർച്ചയേറിയ കത്തി കൈയിൽ കരുതി കൃത്യമായ തക്കം പാർത്ത് നടക്കുകയായിരുന്നുവെന്ന് മൊഴി നൽകി.

നേരത്തെ വിവാഹിതരായിരുന്ന ഇരുവരും ആദ്യവിവാഹ ബന്ധങ്ങൾ വേർപെടുത്തിയ ശേഷമാണ് പരിചയപ്പെടുന്നതും കഴിഞ്ഞ രണ്ട് വർഷമായി ഒന്നിച്ച് ഒരു വീട്ടിൽ താമസം ആരംഭിച്ചതും. എന്നാൽ കുറച്ചുകാലമായി ഇരുവരും തമ്മിൽ കടുത്ത വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും പതിവായിരുന്നു. 

കീർത്തനയ്ക്ക് മറ്റ് ആൺസുഹൃത്തുക്കളുമായുള്ള ബന്ധങ്ങളെ ജിനീഷ് നിരന്തരമായി എതിർത്തിരുന്നത് വഴക്കുകൾക്ക് കാരണമായി. ഇതിനിടെ സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിലൂടെ കീർത്തന തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചതും, കീർത്തനയുടെ സുഹൃത്തുക്കൾ തന്നെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയതും ജിനീഷിനെ കടുത്ത പ്രകോപനത്തിലേക്ക് തള്ളിവിട്ടു. 

കൂടാതെ അധ്യാപികയായ കീർത്തന നാണക്കേടുണ്ടാക്കി എം.ഡി.എം.എ മയക്കുമരുന്ന് സാമ്പത്തിക ഇടപാട് കേസിൽ പ്രതിയായതും ഇയാളുടെ വ്യക്തിവൈരാഗ്യം പതിന്മടങ്ങ് വർദ്ധിപ്പിച്ചു.

കേസിൽ ഹൈക്കോടതിയിൽ നിന്ന് ഉപാധികളോടെ ജാമ്യം നേടിയ കീർത്തന, നിർദ്ദേശപ്രകാരം വടകര പോലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുന്നതിനിടെ രാവിലെ പത്ത് മണിയോടെ വനിതാ പോലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ വെച്ചാണ് ആക്രമണം അരങ്ങേറിയത്. 

വഴിയിൽ പതിയിരുന്ന ജിനീഷ് പെട്ടെന്ന് മുന്നിലേക്ക് ചാടിവീണ് തുരുതുരെ അഞ്ച് തവണയാണ് കത്തികൊണ്ട് കുത്തിയത്. കഴുത്തിനേറ്റ ആഴത്തിലുള്ള കുത്ത് അതീവ ഗുരുതരമാണ്. 

അക്രമം തുടരുന്നതിനിടയിൽ അപ്രതീക്ഷിതമായി കത്തിയുടെ പിടിയുടെ ഭാഗം ഒടിഞ്ഞുപോയതുകൊണ്ടും, നിലവിളി കേട്ട് വനിതാ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാർ സമയോചിതമായി ഓടിയെത്തി ഇടപെട്ടതുകൊണ്ടുമാണ് കൂടുതൽ കുത്തുകളേൽക്കാതെ യുവതിയുടെ ജീവൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 

രക്തത്തിൽ കുളിച്ചുകിടന്ന കീർത്തനയെ ഉടനടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പേരാമ്പ്ര ബി.ആർ.സി അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ, ജിജിൻ കുര്യാക്കോസ്, സഫ്വാൻ എന്നിവരുൾപ്പെട്ട കുപ്രസിദ്ധമായ എം.ഡി.എം.എ റാക്കറ്റിലെ മുഖ്യപ്രതികളിലൊരാളാണ് ആക്രമണത്തിനിരയായ കീർത്തന. 

ഇവരിൽ കീർത്തന, കാവ്യ, സഫ്വാൻ എന്നിവർക്കാണ് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും വിശദമായ പരിശോധനകൾ പൂർത്തിയാക്കി തെളിവുകൾ ശേഖരിച്ചു. 

ജിനീഷിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടികൾ പുരോഗമിക്കുന്നത്.

 

Get more updates from Pudukad News on Google