മണിപ്പുരിൽ വെടിവയ്പ്; രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക് | Manipur Shooting

Current: മലയാളം

ഇംഫാൽ: മണിപ്പുരിലെ സേനാപതി ജില്ലയിലെ കലൻജാങ് ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു (Manipur Shooting). രണ്ട് പേർക്ക് പരിക്കേറ്റു. ചൗവൈനാമേയി ഗ്രാമത്തിലെ റോക്കി മാവോ, ലായി ഷിറാഫി സ്വദേശിയായ കുമാർ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കലൻജാങ് ഗ്രാമത്തലവന്റെ വീട്ടിലുണ്ടായിരുന്നവർക്കുനേരെ അജ്ഞാതരായ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനിടെ നാഗാ യുവാക്കൾ കുക്കി വിഭാഗത്തിൽപ്പെട്ട ഗ്രാമത്തലവന്റെ വീട്ടിൽ എങ്ങനെ എത്തിയെന്നതിൽ വ്യക്തതയായിട്ടില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ കുക്കി ഗോത്രവിഭാഗത്തിൽപ്പെട്ടവരാണെന്ന സൂചന പ്രാദേശിക വൃത്തങ്ങൾ നൽകുന്നുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ കാരണവും പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Summary: Two Naga men were killed and two others injured in a shooting incident in Senapati district of Manipur. Police have launched an investigation, while reports about the identity of the attackers have not been officially confirmed.




