തുഷാർ ഗാന്ധിക്ക് ‘ഗാന്ധിജി ഫോർ അവർ ടൈംസ്’ നൽകി കെ. സി. വേണുഗോപാൽ പ്രകാശനം ചെയ്തു

Current: മലയാളം

കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിക്ക് ആദ്യപ്രതി നൽകി ഗാന്ധിജി ഫോർ അവർ ടൈംസ് എന്ന പുസ്തകം എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി പ്രകാശനം ചെയ്തു. കോഴിക്കോട്ടെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ഹാളിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
ഗാന്ധിയൻ ആശയങ്ങളെക്കുറിച്ച് എഴുതുന്ന, ബ്രിട്ടൻ ആസ്ഥാനമായ എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ബുദ്ധദേവ് പാണ്ഡ്യയാണ് പുസ്തകത്തിന്റെ രചയിതാവ്.
പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ മൻസൂർ പള്ളൂരാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.
“മതപരമായ മേൽക്കോയ്മയെക്കുറിച്ചുള്ള മാറ്റമില്ലാത്ത അവകാശവാദമായിരുന്നില്ല ഗാന്ധിജിയുടെ വിശ്വാസം.
നീതിയുക്തമായ പ്രവർത്തനത്തിലൂടെയും കരുണയിലൂടെയും അഹിംസയിലൂടെയും ഏറ്റവും ദുർബലരായവർക്കുള്ള സേവനത്തിലൂടെയും പ്രകടമാകുന്ന, സത്യത്തിനായുള്ള അവസാനിക്കാത്ത അന്വേഷണമായിരുന്നു അത്,” എന്ന് മൻസൂർ പള്ളൂർ അവതാരികയിൽ എഴുതുന്നു.
ഗാന്ധിജിയുടെ ആശയങ്ങൾക്ക് ഇന്നുള്ള പ്രസക്തിയാണ് പുസ്തകം പരിശോധിക്കുന്നത്. സത്യത്തെ സത്യസന്ധതയും വിനയവും ആവശ്യപ്പെടുന്ന ജീവിതകാലം മുഴുവൻ നീളുന്ന അന്വേഷണമായും അഹിംസയെ അനീതിക്കെതിരായ ധീരമായ നിലപാടായും പുസ്തകം അവതരിപ്പിക്കുന്നു.
സമത്വം, മതസൗഹാർദം, സ്വയംപര്യാപ്തത, സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സംരക്ഷിക്കാനുള്ള ഭരണാധികാരികളുടെ ഉത്തരവാദിത്വം എന്നിവയും ചർച്ച ചെയ്യുന്നു.
ചടങ്ങിൽ വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ, മുൻ കെപിസിസി പ്രസിഡന്റ് എം. എം. ഹസൻ, മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻ പി. ആർ. പ്രകാശ്, അഡ്വ. കെ. പ്രവീൺ കുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി,മാതൃഭൂമി എം ഡിയും ചെയർമാനുമായ പി വി ചന്ദ്രൻ,ഡി സി സി സിക്രട്ടറി അബ്ദുൽ റഹ്മാൻ ഇടക്കുനി എന്നിവർ പങ്കെടുത്തു .




