കര്‍ണാടകയിലെ 5 കോടിയുടെ വ്യാജമരുന്ന് നിര്‍മ്മാണ ശൃംഖലയിലെ പ്രധാന സൂത്രധാരന്‍ ആര്. പ്രശാന്ത് ബംഗളൂരു വിമാനത്താവളത്തില്‍ പോലീസ് പിടിയില്‍: ആഗസ്റ്റ് 18-ന് ബിദാദിയിലെ ഫാം ഹൗസില്‍ നിന്ന് വന്‍ വ്യാജമരുന്ന് ശേഖരവും നിര്‍മ്മാണ യന്ത്രങ്ങളും പിടിച്ചെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതി തിരികെ എത്തിയ പിന്നാലെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘം

Current: മലയാളം

ബംഗളൂരു: കര്‍ണാടകയിലെ വ്യാജമരുന്ന് നിര്‍മ്മാണ ശൃംഖലയുടെ പ്രധാന സൂത്രധാരന്‍ ആര്. പ്രശാന്തിനെ (36) ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
ബിദാദിക്കടുത്തുള്ള കുറുബരകേരനഹള്ളിയിലെ ഫാം ഹൗസില്‍ നിന്ന് ആഗസ്റ്റ് 18-ന് വന്‍ വ്യാജമരുന്ന് ശേഖരവും യന്ത്ര സാമഗ്രികളും പിടിച്ചെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ തിങ്കളാഴ്ച പുലര്‍ച്ചെ 5.40-ഓടെ ഷാര്‍ജയില്‍ നിന്നെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഏകദേശം 5 കോടി രൂപ വിലമതിക്കുന്ന മരുന്നുകളും അത് നിര്‍മ്മിക്കാനും പാക്ക് ചെയ്യാനുമുള്ള ഉപകരണങ്ങളുമായിരുന്നു റെയ്ഡില്‍ പോലീസ് പിടിച്ചെടുത്തിരുന്നത്. റെയ്ഡിനിടെ തന്ത്രപൂര്‍വ്വം രക്ഷപ്പെട്ട പ്രശാന്തിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
ഇയാള്‍ കര്‍ണാടകയില്‍ നിന്ന് അസര്‍ബൈജാനിലേക്ക് കടന്നതായും അവിടെ പാസ്പോര്‍ട്ട്, വിസ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് കസ്റ്റഡിയിലായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തുടര്‍ന്ന് ഷാര്‍ജ വഴി ബംഗളൂരുവിലേക്ക് തിരികെ എത്തിയപ്പോഴാണ് അസിസ്റ്റന്റ് കമ്മീഷണര്‍ അഞ്ജന് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തില്‍ വെച്ച് ഇയാളെ പിടി കൂടിയത്.
അറസ്റ്റിലായ പ്രശാന്തിനെ വൈദ്യപരിശോധനയ്ക്ക് ശേഷം ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിച്ച് പ്രത്യേക അന്വേഷണ സംഘം പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കി.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇയാളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.




