ജില്ലാ ക്രൈംബ്രാഞ്ചിന്റെ പേര് മാറും. ‘ജില്ലാ ഇൻവെസ്റ്റിഗേഷൻ ടീം’ എന്നാക്കാൻ ആലോചന സജീവം. തെളിയാത്ത കേസുകളുടെ അന്വേഷണം പുതിയ സംഘത്തിന്. എസ്.എച്ച്.ഒ ചുമതല എസ്.ഐമാർക്ക് തിരിച്ചുനൽകിയതോടെ ഇൻസ്പെക്ടർമാരെ അന്വേഷണ വിഭാഗത്തിലേക്ക് മാറ്റും. ക്രമസമാധാനവും കേസ് അന്വേഷണവും വേർതിരിക്കും. ഡി.ജി.പി തല യോഗത്തിൽ ചർച്ച

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ക്രൈംബ്രാഞ്ച് സംവിധാനത്തിന്റെ ഘടനയിലും പേരിലും സമൂലമായ മാറ്റം വരുത്താൻ പോലീസ് ആസ്ഥാനത്ത് സജീവ ആലോചന.
ജില്ലാ പോലീസ് മേധാവിമാരുടെ (എസ്.പി) നേരിട്ടുള്ള നിയന്ത്രണത്തിൽ ‘ജില്ലാ ഇൻവെസ്റ്റിഗേഷൻ ടീം’ എന്ന പേരിൽ പുതിയൊരു അന്വേഷണ വിഭാഗം രൂപീകരിക്കാനാണ് ആഭ്യന്തര വകുപ്പും പോലീസ് നേതൃത്വവും ലക്ഷ്യമിടുന്നത്.
നിലവിൽ പോലീസ് സ്റ്റേഷൻ തലങ്ങളിൽ തുമ്പുണ്ടാക്കാൻ കഴിയാത്തതും കൂടുതൽ വിശദമായ അന്വേഷണം ആവശ്യമുള്ളതുമായ സുപ്രധാന കേസുകളാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടിരുന്നത്. ഇത്തരം കേസുകൾ പൂർണ്ണമായും പുതിയ ജില്ലാ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറാനാണ് പദ്ധതി തയ്യാറാക്കുന്നത്.
സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ (എസ്.എച്ച്.ഒ) ചുമതല ഇൻസ്പെക്ടർമാരിൽ നിന്ന് മാറ്റി സബ് ഇൻസ്പെക്ടർമാർക്ക് (എസ്.ഐ) തന്നെ തിരിച്ചുനൽകാൻ തീരുമാനിച്ചതോടെ ഇൻസ്പെക്ടർ തസ്തികയിൽ വരുന്നവരെ കാര്യക്ഷമമായി വിനിയോഗിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഒഴിവാകുന്ന ഇൻസ്പെക്ടർമാരെ ഈ ഇൻവെസ്റ്റിഗേഷൻ ടീമിലേക്ക് മാറ്റി നിയമിച്ച് ശാസ്ത്രീയ അന്വേഷണ ചുമതലകൾ ഏൽപ്പിക്കും. ഇതിലൂടെ ലോക്കൽ പോലീസിന്റെ ക്രമസമാധാനപാലനവും (ലാ ആൻഡ് ഓർഡർ), ആഴത്തിലുള്ളതും ദീർഘകാലം വേണ്ടിവരുന്നതുമായ കുറ്റാന്വേഷണവും (ക്രൈം ഇൻവെസ്റ്റിഗേഷൻ) തമ്മിൽ കൃത്യമായി വേർതിരിച്ച് രണ്ടിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കും.
ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള കർശന മേൽനോട്ടത്തിലാകും ഈ അന്വേഷണ സംഘം ജില്ലകളിൽ പ്രവർത്തിക്കുക. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഈ സുപ്രധാന ഭരണപരിഷ്കാരം സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു.
സർക്കാരിന്റെ നയപരമായ അനുമതി ലഭിക്കുന്നതോടെയാകും ജില്ലാ ക്രൈംബ്രാഞ്ചിനെ മാറ്റിപ്പണിതുകൊണ്ടുള്ള ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങുക.




