
ചെന്നൈ: ദളപതി വിജയ് ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് സൂപ്പർഹിറ്റ് ചിത്രം ‘തെരി’ വീണ്ടും തിയേറ്ററുകളിലേക്ക്. വിജയിയുടെ പുതിയ ചിത്രമായ ‘ജനനായകൻ’ പൊങ്കൽ റിലീസിനായി എത്താൻ വൈകുമെന്ന സൂചനകൾക്കിടയിലാണ്, ആരാധകരുടെ നിരാശ മാറ്റാൻ ‘തെരി’യുടെ ആഗോള റീ-റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ നിർമ്മാതാവായ കലൈപ്പുലി എസ്. താണു ആണ് റീ-റിലീസ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2016-ൽ പുറത്തിറങ്ങിയ ചിത്രം പത്താം വാർഷികത്തിലേക്ക് കടക്കുന്ന വേളയിലാണ് ജനുവരി 15-ന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലറിൽ ഡിസിപി വിജയകുമാർ, ജോസഫ് കുരുവിള എന്നീ ഇരട്ട വേഷങ്ങളിലാണ് വിജയ് തകർത്താടിയത്. സാമന്ത, എമി ജാക്സൺ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ.
Also Read: രജിഷയുടെ ചുവടുകൾ! കൃഷാന്ദിന്റെ സയൻസ് ഫിക്ഷൻ വിസ്മയം; ‘കോമള താമര’ പുറത്ത്
വിജയിയുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ സെൻസർ ബോർഡുമായുള്ള നിയമതർക്കങ്ങളെത്തുടർന്നാണ് പ്രതിസന്ധിയിലായത്. ചിത്രത്തിന് ‘UA 16+’ സർട്ടിഫിക്കറ്റ് നൽകുന്നതിനായി സെൻസർ ബോർഡ് ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചതായി കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. കോടതി നടപടികളും ചർച്ചകളും തുടരുന്നതിനാൽ പൊങ്കലിന് ചിത്രം എത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
The post ജനനായകൻ വൈകിയാലും വിജയ് ആരാധകർക്ക് പൊങ്കൽ സമ്മാനമായി ‘തെരി’ റീ-റിലീസ്! appeared first on Express Kerala.



