
സപ്ലൈകോയുടെ ജനപ്രിയ ബ്രാൻഡായ ‘ശബരി’ ഉൽപ്പന്നങ്ങൾ ഇനി വിദേശ വിപണിയിലേക്കും. സംസ്ഥാനത്തെ സ്വകാര്യ സൂപ്പർ മാർക്കറ്റുകൾ വഴിയും ഗൾഫ് രാജ്യങ്ങളിലും ശബരി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ അറിയിച്ചു. തലശ്ശേരിയിൽ സപ്ലൈകോയുടെ സംസ്ഥാനത്തെ ആദ്യ ‘സിഗ്നേച്ചർ മാർട്ട്‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്തെ ഷോപ്പിംഗ് രീതികൾക്കനുസരിച്ച് സപ്ലൈകോയെ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് സിഗ്നേച്ചർ മാർട്ടുകൾ വിഭാവനം ചെയ്തിരിക്കുന്നത്. കോർപ്പറേറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളോട് കിടപിടിക്കുന്ന അത്യാധുനിക ഷോപ്പിംഗ് അനുഭവമാണ് തലശ്ശേരിയിലെ ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്. മികച്ച സൗകര്യങ്ങൾക്കൊപ്പം തന്നെ നിത്യോപയോഗ സാധനങ്ങൾക്ക് പൊതുവിപണിയേക്കാൾ വലിയ വിലക്കുറവും ഇവിടെ ലഭ്യമാകും. ഓരോ ജില്ലയിലും ഒരു സിഗ്നേച്ചർ മാർട്ട് വീതം സ്ഥാപിക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഗ്ലോബൽ ഇന്നവേറ്റീവ് ടെക്നോളജീസ് ഡിസൈൻ ചെയ്ത ഈ പദ്ധതി ടീം തായിയുടെ സഹകരണത്തോടെയാണ് പൂർത്തിയാക്കിയത്.
Also Read: ശബരിമല സ്വർണ മോഷണം: ബിജെപി സമരം കള്ളന്മാരെ സംരക്ഷിക്കാനെന്ന് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്തെ 40 ലക്ഷത്തോളം കുടുംബങ്ങളാണ് പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിപണിയിൽ വെളിച്ചെണ്ണ വില ഉയർന്നപ്പോൾ സപ്ലൈകോ ഫലപ്രദമായി ഇടപെട്ടു. നിലവിൽ സബ്സിഡി നിരക്കിൽ 309 രൂപയ്ക്ക് വെളിച്ചെണ്ണയും, റേഷൻ കാർഡ് ഉടമകൾക്ക് 25 രൂപ നിരക്കിൽ 20 കിലോ അരിയും സപ്ലൈകോ നൽകി വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
The post സപ്ലൈകോ ഇനി ഗൾഫിലേക്കും; ‘ശബരി’ ഉൽപ്പന്നങ്ങൾ സ്വകാര്യ സൂപ്പർ മാർക്കറ്റുകളിലും ലഭ്യമാക്കും: മന്ത്രി ജി.ആർ അനിൽ appeared first on Express Kerala.



