ബിഹാറിൽ ഉദ്യോഗസ്ഥ ദമ്പതികളുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. ഒരു കോടിയിലധികം രൂപയും സ്വർണ്ണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. എ.ഡി.എം രവീന്ദ്ര കുമാർ ദിവാകറും ഭാര്യയും സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റിയും കുരുക്കിൽ. പട്നയിലും ബെഗുസരായിലും ഒരേസമയം പരിശോധന. കോടികളുടെ ഫ്ലാറ്റുകളും ഭൂമിയും കണ്ടെത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് വിജിലൻസ്

Current: മലയാളം

പട്ന: ബിഹാറിലെ ഉന്നത ഉദ്യോഗസ്ഥ ദമ്പതികളുടെ വസതികളിലും സ്ഥാപനങ്ങളിലും വിജിലൻസ് ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ അനധികൃത സ്വത്തുക്കൾ കണ്ടെടുത്തു.
പട്ന അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (എ.ഡി.എം – സപ്ലൈ) രവീന്ദ്ര കുമാർ ദിവാകർ, അദ്ദേഹത്തിന്റെ ഭാര്യയും ദാനാപ്പുർ ഡിസ്ട്രിക്റ്റ് സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റി എന്നിവർക്കെതിരായ അനധികൃത സ്വത്തുസമ്പാദന പരാതികളിലാണ് വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തിയത്.
വിജിലൻസ് ഡി.ഐ.ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പട്നയിലെയും ബെഗുസരായിലെയും കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പട്നയിലെ വസതിയിൽ നിന്ന് മാത്രം 70 ലക്ഷം രൂപയും ആറ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 48 ആഡംബര വാച്ചുകളും പിടിച്ചെടുത്തു.
ബെഗുസരായിലെ കുടുംബവീട്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും വൻതോതിൽ സ്വർണ്ണ-വെള്ളി ആഭരണങ്ങളും കണ്ടെത്തി. ആകെ ഒരു കോടിയിലധികം രൂപയാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. പണം കൃത്യമായി തിട്ടപ്പെടുത്താൻ കൗണ്ടിംഗ് മെഷീനുകൾ എത്തിക്കേണ്ടിവന്നു.
പണത്തിനും സ്വർണ്ണത്തിനും പുറമെ, കോടികളുടെ ബിനാമി സ്വത്ത് ഇടപാടുകളുടെ രേഖകളും ബാങ്ക് നിക്ഷേപ വിവരങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. പട്നയിൽ ദമ്പതികളുടെ പേരിൽ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര ഫ്ലാറ്റുകളും, ഭാര്യയുടെയും പിതാവിന്റെയും പേരിൽ 1.28 കോടി രൂപ വിലമതിക്കുന്ന മൂന്ന് പ്ലോട്ടുകളും രവീന്ദ്ര ദിവാകർ വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളും സാമ്പത്തിക ഇടപാടുകളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും, അനധികൃത സ്വത്തിന്റെ പൂർണ്ണ വിവരങ്ങൾ ലഭ്യമായ ശേഷം ദമ്പതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികളിലേക്ക് കടക്കുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.




