‘വ്യാജ വാഗ്ദാനങ്ങളിൽപ്പെട്ട് റഷ്യൻ സൈന്യത്തിൽ ചേരരുത്’: മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം | MEA Advisory

Current: മലയാളം

ന്യൂഡൽഹി: ഉയർന്ന സാമ്പത്തിക ലാഭവും വ്യാജ ജോലി വാഗ്ദാനങ്ങളും വിശ്വസിച്ച് റഷ്യൻ സൈന്യത്തിന്റെ ഭാഗമാകരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകി. റഷ്യ-ഉക്രൈൻ യുദ്ധഭൂമിയിൽ നിരവധി ഇന്ത്യക്കാർ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിലും ഇത്തരം കെണികളിൽ അകപ്പെടുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്.(MEA Advisory Warns Indians Against Joining Russian Armed Forces)
സൈനികേതര ജോലികൾ വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ പലരെയും പിന്നീട് നിർബന്ധിതമായി റഷ്യൻ സൈനിക യൂണിഫോം ധരിപ്പിച്ച് സായുധ പോരാട്ടത്തിന് അയക്കുകയാണ് ചെയ്യുന്നത്. വൻ തുക ലഭിക്കുമെന്ന വ്യാമോഹത്തിലും, പിന്നീട് ഇന്ത്യാ ഗവൺമെന്റിന്റെ സഹായത്തോടെ മടങ്ങിയെത്താമെന്ന തെറ്റായ ധാരണയിലും റഷ്യൻ പൗരത്വം നേടാനും സൈന്യത്തിൽ ചേരാനും ശ്രമിക്കുന്നത് സ്വന്തം ജീവൻ അപകടത്തിലാക്കുന്ന നടപടിയാണെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 227 ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 139 പേരെ മടക്കിയെത്തിക്കാൻ സാധിച്ചെങ്കിലും 51 പേർ യുദ്ധക്കളത്തിൽ കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു. റജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ വഴി നൽകുന്ന വിദേശ ജോലി വാഗ്ദാനങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും സോഷ്യൽ മീഡിയ പരസ്യങ്ങളിൽ വീഴരുതെന്നും കേന്ദ്ര സർക്കാർ വീണ്ടും ആവശ്യപ്പെട്ടു.
Story Summary
The Ministry of External Affairs issued a strong advisory warning Indian citizens against joining the Russian army for monetary benefits or fake job offers. Citing high casualty rates and deceptive recruitment practices, the government urged job seekers to exercise extreme caution and avoid unregistered employment agents.




