
മനാമ: വിദേശത്തുള്ള ബഹ്‌റൈൻ പൗരന്മാർക്ക് പാസ്‌പോർട്ട് മാറ്റിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ആഭ്യന്തര മന്ത്രാലയം. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ദേശീയ ഇ-ഗവൺമെന്റ് പോർട്ടലായ Bahrain.bh വഴിയാണ് ഈ പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചിരിക്കുന്നത്.
ലോകത്തിന്റെ ഏത് ഭാഗത്തുള്ള ബഹ്‌റൈൻ പൗരന്മാർക്കും ഇ-ഗവൺമെന്റ് പോർട്ടൽ വഴി പാസ്‌പോർട്ട് മാറ്റിയെടുക്കാൻ അപേക്ഷിക്കാം. പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുമ്പോൾ പഴയ പാസ്‌പോർട്ട് റദ്ദാക്കാനായി മുൻകൂട്ടി അയക്കേണ്ടതില്ല. പുതിയത് നൽകുമ്പോൾ തന്നെ പഴയത് റദ്ദാക്കപ്പെടുന്ന രീതിയിലാണ് ക്രമീകരണം. അപേക്ഷ സമർപ്പിച്ച് പരമാവധി 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാകും.
രാജ്യത്തിന് പുറത്തുള്ളവർക്ക് സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ നയതന്ത്ര കാര്യാലയങ്ങൾ വഴി അപേക്ഷകൾ പ്രോസസ്സ് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്‌മാൻ അൽ ഖലീഫ വ്യക്തമാക്കി. ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിലൂടെ ഇടപാടുകളിലെ സമയവും ചെലവും കുറയ്ക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
പുതുക്കിയ പാസ്‌പോർട്ടുകൾ പൗരന്മാരുടെ കൈകളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനായി ഡി.എച്ച്.എൽ എക്സ്പ്രസുമായ കരാർ ഒപ്പിട്ടിട്ടുണ്ട്. ഇത് ലോകത്തെവിടെയുമുള്ള പൗരന്മാർക്ക് രേഖകൾ വിശ്വസനീയമായ രീതിയിൽ ലഭ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ബഹ്‌റൈൻ പൗരന്മാർക്ക് വിദേശത്തിരുന്ന് പാസ്‌പോർട്ട് മാറ്റാം; പുതിയ ഇ-സേവനം നിലവിൽ വന്നു appeared first on Express Kerala.



