"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘പദവിക്ക് പിന്നാലെ പോകുന്ന ആളല്ല, പാർട്ടി പറഞ്ഞാൽ വീട്ടിലിരിക്കാനും തയ്യാർ’; അടൂർ പ്രകാശിന്റെ വിയോജിപ്പിന് മറുപടിയുമായി ഡോ. എം.കെ. മുനീർ. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ആലങ്കാരിക പദവിയല്ല. വി.എസിന്റെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പ്രതികരണം. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ലീഗ് നേതാവ്

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോഴിക്കോട്: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി പ്രകടിപ്പിച്ച അതൃപ്തിക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീർ. 

ഒരു സ്ഥാനത്തിനും പദവിക്കും പിന്നാലെ പോകുന്ന വ്യക്തിയല്ല താനെന്നും പാർട്ടി ആവശ്യപ്പെട്ടാൽ എന്ത് ഉത്തരവാദിത്തവും നിർവ്വഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തത് സംബന്ധിച്ച് ഇതുവരെ തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് ബ്രീഫിംഗ് നടന്നിട്ടില്ലാത്തതിനാൽ കൺവീനറുടെ പ്രസ്താവനകളിൽ ഇപ്പോൾ വിശദമായ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ എന്നത് വെറുമൊരു അലങ്കാര പദവിയല്ലെന്നും വ്യക്തമായ അധികാരങ്ങളുള്ള ഭരണഘടനാ സംവിധാനമാണെന്നും മുനീർ ഓർമ്മിപ്പിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കമ്മീഷൻ ചെയർമാനായിരുന്ന കാലയളവിൽ 14 സുപ്രധാന റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചിരുന്നു.

സംസ്ഥാനത്ത് കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) ഉൾപ്പെടെ നിലവിൽ വന്നത് വി.എസിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്നണിയിലെ എല്ലാവരും പൂർണ്ണമായി സമ്മതിച്ച ശേഷം മാത്രമേ ഒരു സ്ഥാനം ഏറ്റെടുക്കൂ എന്ന് വാശിപിടിക്കാനാവില്ലെന്നും, പാർട്ടി പറഞ്ഞാൽ വീട്ടിലിരിക്കാനും താൻ സന്നദ്ധനാണെന്നും അദ്ദേഹം തുറന്നടിച്ചു.

കൂടാതെ, മന്ത്രിമാർക്കെതിരെ ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നും അതിനെ പോലീസിനെ വിട്ട് ബലപ്രയോഗത്തിലൂടെ അടിച്ചമർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി വേണമെന്ന് മുസ്‌ലിം ലീഗ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതും യു.ഡി.എഫ് ഏകോപന സമിതിയിൽ ഇത് മുനീറിന് നൽകാൻ ധാരണയായതുമാണ്.

 ഈ സ്ഥാനത്തേക്ക് കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെയും കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെയും പേരുകൾ ഉയർന്നിരുന്നെങ്കിലും സുധീരൻ സ്വയം പിന്മാറുകയായിരുന്നു. പി.ജെ. ജോസഫിന് മറ്റൊരു ക്യാബിനറ്റ് പദവി നൽകാമെന്നാണ് ധാരണ.

ഇതോടൊപ്പം ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 എന്നാൽ ഈ സുപ്രധാന തീരുമാനങ്ങളെല്ലാം തന്നെ അറിയിക്കാതെ ഏകപക്ഷീയമായാണ് എടുത്തതെന്ന അടൂർ പ്രകാശിന്റെ ആരോപണം യു.ഡി.എഫിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

 

Get more updates from Pudukad News on Google