
അഗർത്തല: ത്രിപുരയിലെ ഉനകോടി ജില്ലയിൽ വ്യാപാരമേളയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സാമുദായിക സംഘർഷത്തിലേക്ക് വഴിമാറി. സംഘർഷത്തിൽ ആറുപേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്കും കടകൾക്കും തീവയ്ക്കുകയും ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കാൻ സർക്കാർ കുമർഘട് സബ് ഡിവിഷൻ മേഖലയിൽ 48 മണിക്കൂർ നേരത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനം നിരോധിച്ചു.
സൈദാർപൂർ ഗ്രാമത്തിൽ നടന്ന വ്യാപാരമേളയിൽ പങ്കാളിത്തം ആവശ്യപ്പെട്ട് ഒരു വിഭാഗം വാഹനങ്ങൾ തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇത് മറ്റൊരു വിഭാഗം ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമാവുകയും സാമുദായിക സംഘർഷമായി മാറുകയും ചെയ്തു. മറുവിഭാഗത്തിന്റെ വീടുകൾക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. ഒരു ആരാധനാലയത്തിന് നേരെയും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. മരത്തടികൾ വിൽക്കുന്ന കട ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അക്രമിസംഘം തീവച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയിൽ ഇപ്പോൾ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. കേന്ദ്ര സേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് റൂട്ട് മാർച്ച് നടത്തി.
The post ത്രിപുരയിൽ സാമുദായിക സംഘർഷം; വീടുകൾക്കും കടകൾക്കും തീവച്ചു appeared first on Express Kerala.



