
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ, അതീവ വൈകാരികമായ പ്രതികരണവുമായി ആദ്യ പരാതിക്കാരി രംഗത്തെത്തി. താൻ അനുഭവിച്ച വഞ്ചനയ്ക്കും വേദനയ്ക്കും ഒടുവിൽ നീതി ലഭിക്കുന്നു എന്ന ആശ്വാസത്തിലാണ് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള യുവതിയുടെ കുറിപ്പ്.
ഇരുളിൽ നടന്നതെല്ലാം ദൈവം കണ്ടുവെന്നും ലോകം കേൾക്കാതെ പോയ തങ്ങളുടെ കരച്ചിലുകൾ ദൈവം കേട്ടുവെന്നും യുവതി കുറിച്ചു. ശാരീരികമായി ആക്രമിക്കപ്പെട്ടപ്പോഴും സ്വന്തം കുഞ്ഞുങ്ങളെ ബലമായി പിടിച്ചുവാങ്ങിയപ്പോഴും ദൈവം തങ്ങളെ ചേർത്തുപിടിച്ചുവെന്ന് കുറിപ്പിൽ പറയുന്നു. തെറ്റായ ഒരാളെ വിശ്വസിച്ചതിനും കുഞ്ഞിന്റെ അച്ഛനായി തെറ്റായ ഒരാളെ തിരഞ്ഞെടുത്തതിനും സ്വർഗത്തിലിരിക്കുന്ന തങ്ങളുടെ കുഞ്ഞുങ്ങൾ തങ്ങളോട് ക്ഷമിക്കട്ടെ എന്നും യുവതി അതിവേദനയോടെ കുറിച്ചു.
Also Read: പരാതികൾ ഡസൺ കണക്കിന്, എംഎൽഎ സ്ഥാനം മറയാക്കരുത്! രാഹുലിനെതിരെ മന്ത്രി വി. ശിവൻകുട്ടി
“നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറന്നിട്ടില്ല, നിങ്ങളുടെ ആത്മാവിന് വിലയുണ്ട്. വീണ്ടും കാണുന്നത് വരെ അമ്മമാർ നിങ്ങളെ ഹൃദയത്തിൽ കൊണ്ടുനടക്കും” എന്നിങ്ങനെ ഹൃദയഭേദകമായ വാക്കുകളിലൂടെയാണ് തന്റെ കുഞ്ഞുങ്ങളെ ഓർത്ത് യുവതി വിതുമ്പിയത്. ഭയത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത ഈ ലോകത്തോടുള്ള പരിഭവവും യുവതി പങ്കുവെച്ചു. പത്തനംതിട്ട സ്വദേശിനിയായ യുവതി നൽകിയ പീഡന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
The post തെറ്റായ ഒരാളെ വിശ്വസിച്ചു, കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ; രാഹുലിന്റെ അറസ്റ്റിൽ പ്രതികരണവുമായി ആദ്യപരാതിക്കാരി appeared first on Express Kerala.



