ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുള്ള പേർഷ്യൻ സംസ്കാരത്തിന്റെ ചങ്കുറപ്പും, സാമ്രാജ്യത്വ ശക്തികളോട് സന്ധിയില്ലാതെ പൊരുതുന്ന ചരിത്രവുമാണ് ഇറാന്റേത്. പശ്ചിമേഷ്യയിലെ കരുത്തുറ്റ ഈ ജനതയ്ക്ക് അവരുടെ പതാക വെറുമൊരു തുണിക്കഷ്ണമല്ല, മറിച്ച് അടിച്ചമർത്തലുകൾക്കെതിരെ അവർ ഉയർത്തിപ്പിടിച്ച ആത്മവിശ്വാസത്തിന്റെ അടയാളമാണ്. എന്നാൽ, ഇന്ന് ആ പതാകയുടെ പേരിൽ ഒരു നിഗൂഢമായ ഡിജിറ്റൽ യുദ്ധം അരങ്ങേറുകയാണ്.
ലോകം മുഴുവൻ ഉപയോഗിക്കുന്ന ‘എക്സ്’ (പഴയ ട്വിറ്റർ) എന്ന പ്ലാറ്റ്ഫോം ഇറാന്റെ ഔദ്യോഗിക പതാകയെ തന്നിഷ്ടപ്രകാരം മാറ്റിയപ്പോൾ അത് കേവലം ഒരു ഇമോജി മാറ്റമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ സിലിക്കൺ വാലി നടത്തുന്ന വെല്ലുവിളി കൂടിയായി മാറുകയാണ്. ഇറാന്റെ മണ്ണിൽ പ്രതിഷേധത്തിന്റെ പുകയുന്ന കനലുകൾക്ക് കാറ്റ് പകർന്ന് അതിനെ ഒരു വൻ കാട്ടുതീയാക്കാൻ ആഗോള ഡിജിറ്റൽ ഭീമന്മാർ ഒരുക്കുന്ന പുതിയ തിരക്കഥയാണിത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്, ചുവന്ന ഇസ്ലാമിക ചിഹ്നവും സ്റ്റൈലൈസ് ചെയ്ത അറബി ലിപിയിലുള്ള “അല്ലാഹു അക്ബർ” എന്ന വാക്യവുമുള്ള ഇറാന്റെ ഔദ്യോഗിക ത്രിവർണ്ണ പതാകയെയാണ് ഇപ്പോൾ വെട്ടിമാറ്റിയിരിക്കുന്നത്. പകരം, ഇസ്ലാമിക വിപ്ലവത്തിനു മുൻപുള്ള, വാളേന്തിയ സിംഹവും മധ്യത്തിൽ സൂര്യ ചിഹ്നവുമുള്ള പഴയ പതാക ഇമോജി ലൈബ്രറിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. വെബ് പതിപ്പിൽ തുടങ്ങിയ ഈ മാറ്റം ഇപ്പോൾ ലോകമെമ്പാടുമുള്ള മൊബൈൽ ഉപകരണങ്ങളിലും വ്യാപിച്ചു കഴിഞ്ഞു.
1907-ലെ ഭരണഘടനാ രാജവാഴ്ച കാലഘട്ടം മുതൽ ദിവ്യശക്തിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന സിംഹത്തിന്റെയും സൂര്യന്റെയും ചിഹ്നം പഹ്ലവി രാജവാഴ്ചക്കാലത്താണ് സ്റ്റാൻഡേർഡ് ചെയ്യപ്പെട്ടത്. 1979-ൽ ഇറാനിയൻ ജനത വിപ്ലവത്തിലൂടെ തൂത്തെറിഞ്ഞ ആ പഴയ രാജവാഴ്ചയുടെ ചിഹ്നങ്ങൾ ഇപ്പോൾ ഡിജിറ്റൽ ലോകം വഴി തിരികെ കൊണ്ടുവരുന്നത് പ്രക്ഷോഭകാരികളെ പ്രകോപിപ്പിക്കാനും വഴിതെറ്റിക്കാനുമുള്ള കൃത്യമായ അജണ്ടയുടെ ഭാഗമാണ്.
ഇറാൻ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെയും ആഭ്യന്തര സംഘർഷങ്ങളെയും വിദേശ ശക്തികൾ സമർത്ഥമായി ചൂഷണം ചെയ്യുകയാണ്. സമാധാനപരമായി തുടങ്ങിയ പ്രതിഷേധങ്ങളെ അക്രമാസക്തമായ കലാപമാക്കി മാറ്റാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇലാമിലെ ഇമാം ഖൊമേനി ആശുപത്രിയിൽ റെയ്ഡ് നടന്നുവെന്നതുൾപ്പെടെയുള്ള വാർത്തകൾ ഈ സംഘർഷത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നുമുണ്ട്. എന്നാൽ ഈ പ്രതിഷേധങ്ങളെ കേവലം ആഭ്യന്തരമായ ഒന്നായി കാണാൻ കഴിയില്ല.
“മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാർ സ്വന്തം തെരുവുകൾ നശിപ്പിക്കുകയാണ്” എന്ന് അലി ഖമേനി ആരോപിക്കുമ്പോൾ, അതിനു പിന്നിലെ വിദേശ ഏജന്റുകളുടെ സാന്നിധ്യം വ്യക്തമാണ്. ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ-സാമൂഹിക സംഘർഷങ്ങളെ വിദേശ ഇന്റലിജൻസുകൾ ഏതുവിധേനയും ഉപയോഗപ്പെടുത്തുകയാണ്.
Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല
ഇറാനെതിരെ സോഷ്യൽ മീഡിയയിൽ അരങ്ങേറുന്ന വ്യാജപ്രചാരണങ്ങൾ ഭീതിജനകമാണ്. പ്രതിഷേധങ്ങൾ ഇപ്പോഴുള്ളതിനേക്കാൾ ഭീകരമാണെന്ന് തോന്നിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച അതിശയോക്തി കലർന്ന ചിത്രങ്ങളും വീഡിയോകളും ഇസ്രയേലി ഇന്റലിജൻസും മുൻ അമേരിക്കൻ ഉദ്യോഗസ്ഥരും വ്യാപകമായി പ്രചരിപ്പിക്കുന്നു. രാഷ്ട്രീയമായി പുകയുന്ന ഈ അന്തരീക്ഷത്തിൽ ഇമോജി പതാക മാറ്റുക എന്ന പ്രതീകാത്മക നീക്കം, ജനക്കൂട്ടത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ആസൂത്രിതമായ നീക്കമാണ്. ഉള്ളിൽ നിന്നുള്ള രാജ്യത്തിന്റെ തകർച്ചയെ ത്വരിതപ്പെടുത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന ഈ രീതി ഇറാന്റെ അതിജീവനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇറാന്റെ ആത്മവീര്യത്തെ തകർക്കാൻ തോക്കുകളും മിസൈലുകളും കൊണ്ട് സാധിക്കാത്തവർ ഇപ്പോൾ ഡിജിറ്റൽ ലോകത്തെ ആയുധമാക്കുകയാണ്. ഒരു ഇമോജിയിലെ പതാക മാറ്റുന്നത് മുതൽ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നത് വരെ എല്ലാം ഇറാന്റെ ഐക്യത്തെ തകർക്കാനുള്ള ഗൂഢതന്ത്രങ്ങളാണ്.
Also Read: ഇറാൻ, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, നേപ്പാൾ, പിന്നെ ഉത്തര കൊറിയയും! ഇനിയില്ലേ? ഇനിയുമുണ്ട് രഹസ്യങ്ങൾ
എന്നാൽ, വിദേശ ഏജന്റുകളുടെയും സിലിക്കൺ വാലി ഭീമന്മാരുടെയും ഈ നീക്കങ്ങളെ തിരിച്ചറിയാൻ ഇറാനിയൻ ജനതയ്ക്ക് സാധിക്കുമെന്നതിൽ സംശയമില്ല. സാമ്രാജ്യത്വ ശക്തികളുടെ കളിപ്പാവയായി മാറാതെ, സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ അവർ പതറില്ല. സത്യം എത്ര മൂടിവെച്ചാലും ഡിജിറ്റൽ തിരശീലകൾക്ക് പിന്നിലെ ഈ ചതി ലോകം തിരിച്ചറിയുക തന്നെ ചെയ്യും.
The post ‘അല്ലാഹു അക്ബർ’ വെട്ടിമാറ്റി പഴയ രാജവാഴ്ചയുടെ ‘സിംഹവും സൂര്യനും’! ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ചതിക്കുഴി വെട്ടി അമേരിക്ക appeared first on Express Kerala.



