"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അടൂർ പ്രകാശിന്റെ വിമർശനം; ‘പാർട്ടി കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണം’: കെ.സി. വേണുഗോപാൽ | KC Venugopal

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

KC Venugopal Cyber Attack

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിയെക്കുറിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനത്തിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ (KC Venugopal). പാർട്ടിക്കുള്ളിലെ വിഷയങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരസ്യമായി ചർച്ച ചെയ്യുന്നതിന് പകരം പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടി കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അത് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് തന്റെ രീതിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ നാല് മാസവും താൻ സർക്കാരിനൊപ്പമാണെന്നും, എന്ത് സംഭവിച്ചാലും തന്റെ പേരിലേക്ക് കാര്യങ്ങൾ എത്തിക്കുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുള്ളവർ പാർട്ടിയിലുണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്യേണ്ട വേദികളിൽ അവ കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്ന രീതിയിലുള്ള പാർട്ടിയല്ല കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിയെയും യു.ഡി.എഫിലെ തീരുമാനങ്ങളിലെ കൂടിയാലോചനയെയും ചോദ്യം ചെയ്താണ് അടൂർ പ്രകാശ് നേരത്തെ പരസ്യമായി രംഗത്തെത്തിയത്. പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ തന്നെ കൂടി ആലോചനയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. വിഷയങ്ങൾ എഐസിസിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ വ്യത്യസ്ത പ്രതികരണങ്ങളും ഉയർന്നിട്ടുണ്ട്. അതേസമയം, വിഷയത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന നിലപാടാണ് കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിരിക്കുന്നത്.

Story Summary:
AICC general secretary K C Venugopal has said that internal party matters should be discussed within party forums rather than in public, following UDF convener Adoor Prakash’s criticism of Chief Minister V D Satheesan’s style of functioning. Prakash has maintained that his concerns relate to the lack of consultation on key UDF decisions and said he would raise the matter with the AICC.

Get more updates from Pudukad News on Google