ഇറാനെതിരെ വീണ്ടും ആക്രമണത്തിന് നീക്കം? പശ്ചിമേഷ്യയിലേക്ക് മൂന്നാം വിമാനവാഹിനിക്കപ്പൽ അയച്ച് അമേരിക്ക | US Iran tensions

Current: മലയാളം

വാഷിങ്ടൺ: ഇറാനെതിരെ ശക്തമായ തിരിച്ചടിക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന വൻ സൈനികവ്യൂഹം അയച്ച് അമേരിക്ക (US Iran tensions). ഏകദേശം 9,000 മുതൽ 10,000 വരെ അധിക സൈനികരടങ്ങുന്ന സംഘത്തോടൊപ്പം ആണവോർജത്തിൽ പ്രവർത്തിക്കുന്ന യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് വിമാനവാഹിനിക്കപ്പലും മേഖലയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്. നവംബർ അവസാനത്തോടെ സംഘം മേഖലയിലെത്തുമെന്നാണ് വിവരം.
നിലവിൽ യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്, യുഎസ്എസ് ജോർജ് വാഷിങ്ടൺ എന്നീ വിമാനവാഹിനിക്കപ്പലുകൾ പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ട്. പുതിയ വിന്യാസത്തോടെ മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം 20,000ന് മുകളിലേക്ക് ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
ഇറാനുമായി ബന്ധപ്പെട്ട സംഘർഷസാധ്യതകൾക്കിടയിലാണ് പുതിയ സൈനിക നീക്കം. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിക്കിടെ ഖത്തർ മധ്യസ്ഥരിലൂടെ ഇറാൻ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരസിച്ചിരുന്നു. ഹുർമുസ് കടലിടുക്ക് തുറക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള നിർദേശമാണ് ഇറാൻ മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ, ദുബായിൽ നിന്ന് ഇസ്രായേലിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിലെ ക്യാപ്റ്റനെ സഹപൈലറ്റ് ആക്രമിക്കുകയും വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്ത സംഭവത്തിൽ ഇറാന് ബന്ധമുണ്ടാകാമെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. അന്വേഷണം തുടരുന്നതിനിടെ, സഹപൈലറ്റിന് ഇറാനുമായോ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായോ ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഫ്ലൈദുബായ് സംഭവത്തിൽ ഇറാന്റെ പങ്കാളിത്തം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർ ഇറാനുമായുള്ള ബന്ധം സ്ഥിരീകരിക്കാൻ സമയമായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം യുഎഇ, സൗദി അറേബ്യ, ഇസ്രായേൽ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ സഹകരണത്തോടെ തുടരുകയാണ്.
Story Summary:
The United States is deploying a third aircraft carrier strike group and thousands of additional troops to the Middle East amid rising tensions with Iran. The move comes as President Donald Trump has warned of strong retaliation if Iran is found to be involved in the recent Flydubai cockpit attack, although Iranian involvement has not been officially established.




