
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന “മധുവിധു” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഷറഫുദീനെ നായകനാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ഫെബ്രുവരി ആറിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത്.
പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ‘ഷൈലോക്ക്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബിബിൻ മോഹനും, ‘മധുര മനോഹര മോഹം’ എന്ന ചിത്രത്തിന്റെ രചയിതാവ് ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ രസിപ്പിക്കുന്ന ഒരു വിനോദചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവന്ന പോസ്റ്ററുകൾ നൽകുന്ന സൂചന.
Also Read: കേരളം ബിജെപി ഭരിക്കുമെന്ന ഭയം അവർക്കുണ്ട്; ‘സംഘിയാണെന്ന് അഭിമാനത്തോടെ പറയും’, ഡോ. റോബിൻ രാധാകൃഷ്ണൻ
ജഗദീഷ്, സായ്കുമാർ, അസീസ് നെടുമങ്ങാട്, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു തുടങ്ങി മികച്ചൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘ഗഗനചാരി’, ‘പൊന്മാൻ’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ വിദേശ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.
സാങ്കേതിക രംഗത്തും പ്രമുഖരുടെ സാന്നിധ്യം ഈ ചിത്രത്തിനുണ്ട്. ഹിഷാം അബ്ദുൾ വഹാബ് സംഗീതവും വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണവും നിർവഹിക്കുന്നു. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗും രഞ്ജിത്ത് കരുണാകരൻ പ്രോജക്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. ഔസേപ്പ് ജോൺ (കല), ദിവ്യ ജോർജ് (വസ്ത്രാലങ്കാരം), ജിതേഷ് പൊയ്യ (മേക്കപ്പ്), സജീവ് ചന്ദിരൂർ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
The post ഷറഫുദീൻ നായകനായ ‘മധുവിധു’; ആഗോള റിലീസ് പ്രഖ്യാപിച്ചു appeared first on Express Kerala.



