
ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് തൊട്ടുമുമ്പ് പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരുടെ പേരുകൾ സജീവമായി പരിഗണനയിലുണ്ടായിരുന്നുവെങ്കിലും, വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവതാരം ധ്രുവ് ജൂറെലിനെയാണ് സെലക്ടർമാർ ടീമിലുൾപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ അടിവയറ്റിൽ പന്ത് കൊണ്ടതാണ് റിഷഭ് പന്തിന് തിരിച്ചടിയായത്. പരിക്കേറ്റതിനെത്തുടർന്ന് കടുത്ത വേദന അനുഭവപ്പെട്ട താരം ബാറ്റിംഗ് പരിശീലനം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയിരുന്നു. ബിസിസിഐ മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തിയതോടെ താരത്തിന് പരമ്പര പൂർണ്ണമായും നഷ്ടമാകുമെന്ന് ഉറപ്പായി.
Also Read: സച്ചിൻ വീഴും, സംഗക്കാര മാറും! വഡോദരയിൽ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡുകൾ
നിലവിൽ ഏകദിന ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലാണ്. അദ്ദേഹത്തിന് ഒരു ബാക്കപ്പ് എന്ന നിലയിലാണ് ജൂറെലിനെ ടീമിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. സഞ്ജുവിനെയും ഇഷാൻ കിഷനെയും തഴഞ്ഞ് ജൂറെലിന് അവസരം നൽകിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് വഡോദര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും. ഉച്ചകഴിഞ്ഞ് 1.30-നാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങൾ അടങ്ങിയ ട്വന്റി-20 പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടും.
The post പന്തിന് പകരം ആര്? സഞ്ജുവും കിഷനും പുറത്ത്; ബിസിസിഐയുടെ അപ്രതീക്ഷിത പ്രഖ്യാപനം appeared first on Express Kerala.



