ഫ്ലൈദുബായ് കോ-പൈലറ്റ് പൈലറ്റിനെ ആക്രമിച്ചത് ക്രാഷ് ആക്‌സ് കൊണ്ട്; ‘ഭീകരാക്രമണമെന്ന്’ യുഎഇ പ്രോസിക്യൂട്ടർമാർ | Hamam Alhammami crash axe attack

Current: മലയാളം

ദുബായ്-ടെൽ അവീവ് ഫ്ലൈദുബായ് വിമാനത്തിൽ നടന്ന ആക്രമണം ‘ഭീകരാക്രമണം’ ആയിരുന്നെന്ന് യുഎഇ പ്രോസിക്യൂട്ടർമാർ സ്ഥിരീകരിച്ചു. കോ-പൈലറ്റ് ഹമാം അൽഹമ്മാമി കോക്പിറ്റിൽ സൂക്ഷിച്ചിരുന്ന ക്രാഷ് ആക്‌സ് ഉപയോഗിച്ച് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനം നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. (Hamam Alhammami crash axe attack)
അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങൾ പ്രകാരം വാണിജ്യ വിമാനങ്ങളിൽ ഇത്തരം ക്രാഷ് ആക്‌സ് നിർബന്ധമായ സുരക്ഷാ ഉപകരണമാണ്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ഇത് കോക്പിറ്റിലാണ് സൂക്ഷിക്കുന്നത്. 9/11 ആക്രമണങ്ങൾക്ക് മുമ്പ് ഇത്തരം ഉപകരണങ്ങൾ വിമാനത്തിന്റെ പ്രധാന കാബിനിലാണ് സൂക്ഷിച്ചിരുന്നതെന്നും പിന്നീട് കോക്പിറ്റിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. 170ലേറെ യാത്രക്കാരും 24 കുട്ടികളും ഉൾപ്പെട്ട ബോയിങ് 737 വിമാനം ഏകദേശം 34,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. വിമാനം മിനിറ്റിൽ ഏകദേശം 23,000 അടി വേഗത്തിൽ താഴേക്ക് പതിക്കുകയും 15,600 അടി വരെ എത്തുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റിട്ടും ക്യാപ്റ്റൻ മച്ചാർ കോക്പിറ്റ് വാതിൽ തുറന്നതോടെ ജീവനക്കാരും യാത്രക്കാരും ചേർന്ന് കോ-പൈലറ്റിനെ കീഴടക്കി.
വിമാനത്തിനുള്ളിലെ ദൃശ്യങ്ങളിൽ ക്യാപ്റ്റൻ മച്ചാർ രക്തത്തിൽ കുളിച്ച് കിടക്കുന്നതും തന്റെ സഹപൈലറ്റ് തന്നെ ആക്രമിച്ചതായി പറയുന്നതും കാണാമായിരുന്നു. ഒരു ദന്തഡോക്ടർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകി. തുടർന്ന് മറ്റ് രണ്ട് പൈലറ്റുമാർ വിമാനം നിയന്ത്രണത്തിലാക്കി സൗദി അറേബ്യയിലേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി ഇറക്കുകയും ചെയ്തു. കോ-പൈലറ്റ് ഒറ്റയ്ക്കാണോ ആക്രമണം ആസൂത്രണം ചെയ്തതെന്നും ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഒമാനിൽ ജോലി ചെയ്തിരുന്ന കാലത്ത് തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അൽഹമ്മാമിയെ അവിടെ പൈലറ്റായി ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് അദ്ദേഹം ഭരണപരമായ ജോലിയിൽ തുടരുകയും 2025ൽ ഒമാൻ എയർ വിടുകയും ചെയ്തു.
2025 ജൂണിൽ റോയൽ എയർ മറോക്കിൽ ചേർന്ന അൽഹമ്മാമി ഈ വർഷം ജനുവരിയിൽ അവിടെനിന്നും പിരിഞ്ഞു. പിന്നീട് ഫ്ലൈദുബായിയിൽ കോ-പൈലറ്റായി ജോലി ചെയ്തു. സംഭവത്തിന് മുമ്പ് ഏകദേശം എട്ട് മാസമാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ വിമാനം ഇടിച്ചിറക്കാനായിരുന്നു അൽഹമ്മാമിയുടെ ലക്ഷ്യമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ആക്രമണത്തിന്റെ ഉദ്ദേശ്യവും ഏതെങ്കിലും തീവ്രവാദ സംഘടനയുമായുള്ള ബന്ധവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
Summary: UAE prosecutors have classified the flydubai cockpit attack as a terrorist attack, saying co-pilot Hamam Alhammami attacked Captain Smit Machchhar with the cockpit’s crash axe and attempted to take control of the aircraft. Investigators are examining whether he acted alone or had links to extremist groups.




