ജർമ്മൻ ചാൻസലറുടെ സന്ദർശനത്തിനിടെ കീവിലെ പ്രധാന പാലത്തിന് നേരെ ഡ്രോൺ ആക്രമണവുമായി റഷ്യ
കീവ്: ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ് യുക്രെയ്ൻ സന്ദർശിക്കുന്നതിനിടയിൽ തലസ്ഥാനമായ കീവിലെ പ്രധാന പാലത്തിന് നേരെ ആക്രമണം നടത്തി റഷ്യ.
യുക്രെയ്ന് പിന്തുണ പ്രഖ്യാപിക്കുന്നതിനായി മുൻകൂട്ടി അറിയിക്കാതെ നടത്തിയ സന്ദർശനത്തിനായി മെർസ് കിവിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണമുണ്ടായത്.
കീവിലെ ഡിനിപ്രോ നദിക്ക് കുറുകെയുള്ള നോർത്തേൺ ബ്രിഡ്ജ് എന്ന പ്രമുഖ പാലത്തിലാണ് റഷ്യൻ ഡ്രോൺ പതിച്ചത്. ഡ്രോൺ റോഡിലേക്ക് പതിച്ച് വൻ തീഗോളമായി മാറുമ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത് വീഡിയോ ദൃശ്യങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്.
ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. നദിയുടെ ഇരുവശങ്ങളിലേക്കും ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന പാലങ്ങൾക്ക് നേരെ തുടർച്ചയായി നാലാം ദിവസമാണ് റഷ്യ ആക്രമണം നടത്തുന്നത്.
Get more updates from Pudukad News on Google




