ശ്രീ സിറ്റി ബോയിലർ സ്ഫോടനം; ‘അപകടവുമായി ഞങ്ങൾക്ക് ബന്ധമില്ല’; ടി.ഐ.എൽ ഹെൽത്ത്കെയറുമായി പൊതുവായ ഉടമസ്ഥതയില്ലെന്ന് ടാബ്ലറ്റ്സ് ഇന്ത്യ. പേരിലെ സാമ്യം മൂലമുള്ള ആശയക്കുഴപ്പം നീക്കി കമ്പനി

Current: മലയാളം

ചെന്നൈ: ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിൽ ടിഐഎൽ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡിൽ റിപ്പോർട്ട് ചെയ്ത വ്യവസായ ബോയിലർ സ്ഫോടനവുമായി ടാബ്ലെറ്റ്സ് ഇന്ത്യ ലിമിറ്റഡിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി കമ്പനി രംഗത്ത്.
ടാബ്ലെറ്റ്സ് ഇന്ത്യ ലിമിറ്റഡിന് ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിൽ ഇത്തരത്തിലൊരു ഫാക്ടറിയോ ഉൽപ്പാദന കേന്ദ്രമോ ഇല്ലെന്നും കമ്പനി വ്യക്തമാക്കി.
ശ്രീ സിറ്റിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ടാബ്ലെറ്റ്സ് ഇന്ത്യ ലിമിറ്റഡും ടിഐഎൽ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡും രണ്ട് വ്യത്യസ്തവും സ്വതന്ത്രവുമായ സ്ഥാപനങ്ങളാണെന്നും ഇവയ്ക്ക് പൊതുവായ ഉടമസ്ഥതയോ മാനേജ്മെന്റോ ഇല്ലെന്നും കമ്പനി അറിയിച്ചു.
ബോയിലർ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാബ്ലെറ്റ്സ് ഇന്ത്യ ലിമിറ്റഡ് അനുശോചനം രേഖപ്പെടുത്തി. രണ്ട് കമ്പനികളും തമ്മിലുള്ള വ്യത്യാസം മാധ്യമങ്ങളും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നും, ഇനിയും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ഇത് പരിഗണിക്കണമെന്നും കമ്പനി പ്രത്യേകം അഭ്യർത്ഥിച്ചു.
തെറ്റായ ധാരണകൾ ഒഴിവാക്കാനും യഥാർത്ഥ വിവരങ്ങൾ കൃത്യമായി പൊതുജനങ്ങളിലേക്കും വായനക്കാരിലേക്കും എത്തിക്കാനുമാണ് ഈ വിശദീകരണം പുറത്തിറക്കിയതെന്നും കമ്പനിയുടെ ഫിനാൻസ് വിഭാഗം പ്രസിഡന്റ് സുനിൽ കോത്താരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിശദീകരണ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആന്ധ്രപ്രദേശിലെ തഡയ്ക്ക് സമീപമുള്ള ശ്രീ സിറ്റിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ശനിയാഴ്ച രാവിലെയുണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ അഞ്ച് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ 12ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ടാബ്ലെറ്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ പേര് അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്.




