Skip to content
November 19, 2026
⌕

ക്യാൻസർ ചികിത്സ കഴിഞ്ഞാലും ശ്രദ്ധ വേണം; ഉറക്കം മുതൽ മാനസികാരോഗ്യം വരെ പരിഗണിക്കണം: വിദഗ്ധർ | Cancer survivorship care

October 5, 2026
Share this post to
Cancer survivorship care

കൊച്ചി: ക്യാൻസർ ചികിത്സ പൂർത്തിയാകുന്നതോടെ രോഗിയുടെ പരിചരണം അവസാനിക്കുന്നില്ലെന്നും രോഗമുക്തിക്ക് ശേഷമുള്ള തുടർപരിചരണത്തിനും ചികിത്സയ്ക്ക് തുല്യമായ പ്രാധാന്യമുണ്ടെന്നും വിദഗ്ധർ (Cancer survivorship care). ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സംഘടിപ്പിച്ച ‘എക്യൂസികോൺ 2026’ കോൺക്ലേവിലാണ് ക്യാൻസർ അതിജീവന പരിചരണത്തിന്റെ പ്രാധാന്യം ചർച്ചയായത്.

ക്യാൻസർ അതിജീവിച്ചവർ ഉറക്കം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. രോഗമുക്തി നേടിയവർക്കായി പ്രത്യേകവും ഘടനാപരവുമായ തുടർപരിചരണ സംവിധാനം ഒരുക്കേണ്ടതിന്റെ ആവശ്യകതയും കോൺക്ലേവിൽ ഉയർന്നു.

മുതിർന്നവരിൽ വർധിച്ചുവരുന്ന ക്യാൻസർ നിരക്കും സമ്മേളനം ചർച്ച ചെയ്തു. പ്രായമായ രോഗികൾക്ക് ക്യാൻസറിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യത കൂടുതലായതിനാൽ മരുന്ന്, ശസ്ത്രക്രിയ, റേഡിയേഷൻ തുടങ്ങിയ ചികിത്സകൾക്കൊപ്പം ജീവിതശൈലി മെച്ചപ്പെടുത്തൽ, ഫിസിയോതെറാപ്പി, കൗൺസിലിംഗ്, മാനസിക പിന്തുണ എന്നിവയും പരിചരണത്തിന്റെ ഭാഗമാകണമെന്ന് വിദഗ്ധർ വ്യക്തമാക്കി.

പ്രായമായ പല ക്യാൻസർ രോഗികൾക്കും ആവശ്യമായ സാമൂഹിക പിന്തുണ ലഭിക്കാത്തത് ചികിത്സയ്ക്കും രോഗമുക്തിക്കും വെല്ലുവിളിയാകുന്നുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ജെറിയാട്രിഷ്യൻമാർ, ഓങ്കോളജിസ്റ്റുകൾ, പ്രാഥമിക ആരോഗ്യപരിചരണ ദാതാക്കൾ എന്നിവർ ഏകോപിച്ച് പ്രവർത്തിക്കുമ്പോഴാണ് മുതിർന്നവരിലെ ക്യാൻസർ പരിചരണം കൂടുതൽ ഫലപ്രദമാക്കാൻ കഴിയുകയെന്നും അവർ പറഞ്ഞു.

പ്രായമായ രോഗികളുടെ പരിചരണത്തിൽ ധരിക്കാവുന്ന ഉപകരണങ്ങൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും കോൺക്ലേവിൽ ചർച്ച നടന്നു. രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ സമയബന്ധിതമായി നടത്തുന്നതിനും ഇത്തരം സാങ്കേതികവിദ്യകൾ സഹായകരമാകുമെന്ന് വിലയിരുത്തി.

രോഗികൾ സ്വയം നടത്തുന്ന പരിചരണത്തിനും കോൺക്ലേവിൽ പ്രാധാന്യം നൽകി. വിർച്വൽ സംവിധാനങ്ങളിലൂടെ ചികിത്സാ സംഘവുമായി ബന്ധപ്പെടാൻ കഴിയുന്നതിനാൽ രോഗികൾക്ക് സംശയങ്ങളും ആശങ്കകളും വേഗത്തിൽ പങ്കുവെക്കാനും ആവശ്യമായ പരിഹാരം നേരത്തെ കണ്ടെത്താനും സാധിക്കും.

രോഗനിർണയം മുതൽ ചികിത്സയും രോഗമുക്തിക്ക് ശേഷമുള്ള തുടർപരിചരണവും വരെയുള്ള എല്ലാ ഘട്ടങ്ങളിലും രോഗിക്കും കുടുംബത്തിനും സമഗ്രമായ പിന്തുണ ഉറപ്പാക്കണമെന്ന വിലയിരുത്തലോടെയാണ് എക്യൂസികോൺ 2026 സമാപിച്ചത്.

Story Summary:
Experts at Aster International Institute of Oncology’s Equsicon 2026 highlighted the importance of structured follow-up care after cancer treatment. The conclave discussed survivorship care, mental health, sleep, rehabilitation, social support and technology-enabled monitoring, particularly for elderly cancer patients.

Get more updates from Pudukad News on Google