Skip to content
November 19, 2026
⌕

ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപം ഹൂതികൾക്കെതിരെ തിരിച്ചടി; ദുബാബ് പിടിച്ചെടുത്തതായി യെമൻ സേന | Yemen forces retake Dhubab

October 5, 2026
Share this post to
Yemen forces retake Dhubab

സനാ: ഹൂതികൾക്കെതിരെ യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ സേന വൻ സൈനിക നീക്കം ശക്തമാക്കി. ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള ദുബാബ് ജില്ലയും തന്ത്രപ്രധാനമായ നിരവധി സ്ഥാനങ്ങളും തിരിച്ചുപിടിച്ചതായി സൗദിയുടെ പിന്തുണയുള്ള യെമൻ സേന അറിയിച്ചു. ഹൂതികളുടെ വിതരണ പാതകളും പ്രധാന റോഡുകളും വിച്ഛേദിച്ചതായും സേന അവകാശപ്പെട്ടു. (Yemen forces retake Dhubab)

ഹോംലാൻഡ് ഷീൽഡ് ഫോഴ്‌സും ജയന്റ്സ് ബ്രിഗേഡും ചേർന്നാണ് ദുബാബിൽ വ്യാപക സൈനിക നടപടി നടത്തിയതെന്ന് യെമൻ ഔദ്യോഗിക വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്തു. വ്യോമപിന്തുണയോടെയായിരുന്നു ആക്രമണം. ഏറ്റുമുട്ടലിൽ നിരവധി ഹൂതി പോരാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഹൂതികളുടെ സൈനിക ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. തിരിച്ചുപിടിച്ച പ്രദേശങ്ങളിൽ പരിശോധനയും സുരക്ഷാ നടപടികളും തുടരുകയാണെന്നും ഹൂതികളുടെ വിതരണ ശൃംഖലകൾ തകർക്കുന്നതിനുള്ള നീക്കങ്ങൾ തുടരുകയാണെന്നും സേന അറിയിച്ചു. ഇതിനിടെ തലസ്ഥാനമായ സനായെ ലക്ഷ്യമിട്ട് ‘തന്ത്രപ്രധാനമായ ആക്രമണം’ ആരംഭിച്ചതായും സർക്കാർ സേന പ്രഖ്യാപിച്ചു. ഒരു ദശാബ്ദത്തിലേറെയായി സനാ ഹൂതികളുടെ നിയന്ത്രണത്തിലാണ്.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും യെമൻ സർക്കാർ സേനയ്ക്ക് വ്യോമപിന്തുണ നൽകുന്നുണ്ട്. നൂറോളം യുദ്ധവിമാനങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്നും ബാബ് അൽ മന്ദബ് കടലിടുക്കിന് വ്യോമ സംരക്ഷണം ഉറപ്പാക്കിയതായും സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. നൂറുകണക്കിന് ഹൂതി കേന്ദ്രങ്ങൾ തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ യുദ്ധഭൂമിയിലെ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

2014ൽ ഹൂതികൾ സനാ പിടിച്ചെടുത്തതോടെയാണ് യെമനിലെ യുദ്ധം രൂക്ഷമായത്. 2022ൽ ഉണ്ടായ വെടിനിർത്തൽ കരാർ തകർന്നതിന് പിന്നാലെ ജൂലൈയിൽ പോരാട്ടം വീണ്ടും ശക്തമായി. സെപ്റ്റംബറിൽ പടിഞ്ഞാറൻ യെമനിലെ ചില പ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുക്കുകയും മൊഖ തുറമുഖവും ബാബ് അൽ മന്ദബ് മേഖലയിലെ തന്ത്രപ്രധാന ദ്വീപുകളും നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. ശേഷിക്കുന്ന ഹൂതി നിയന്ത്രിത പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള സൈനിക നടപടി ഞായറാഴ്ച പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ അലിമി പ്രഖ്യാപിച്ചിരുന്നു. അതേസമയം, റിയാദിൽ സൗദി, പാകിസ്ഥാൻ, തുർക്കി പ്രതിനിധികൾ തമ്മിലുള്ള നിർണായക പ്രതിരോധ ചർച്ചകൾ നടക്കുന്നതിനിടെയാണ് യെമനിലെ സൈനിക നീക്കം ശക്തമായത്. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്, സൈനിക മേധാവി അസിം മുനീർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 7ന് സൗദി അറേബ്യയും തുർക്കിയും പാകിസ്ഥാനും ഒപ്പുവച്ച മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റിന് കീഴിലാണ് ചർച്ചകൾ. അതേസമയം, ഇറാന്റെ നിർദേശത്തെ തുടർന്ന് ഹൂതികളുമായി രാഷ്ട്രീയ ചർച്ചകൾ നടത്താനുള്ള സാധ്യതയും പാകിസ്ഥാൻ മുന്നോട്ടുവച്ചിട്ടുണ്ട്.

Summary: Yemen’s internationally recognised government forces say they have retaken the Dhubab district and key positions near the strategic Bab al-Mandeb Strait from the Houthis. The military operation, backed by Saudi-led air support, comes as Saudi Arabia, Pakistan and Turkiye hold defence talks in Riyadh.

Get more updates from Pudukad News on Google