സുഡാനിലെ സാധാരണക്കാർക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎൻ; അടിയന്തര വെടിനിർത്തലിന് ആഹ്വാനം | UN Human Rights Council Sudan
ജനീവ: സുഡാനിൽ സാധാരണക്കാർക്കെതിരായ ഡ്രോൺ ആക്രമണങ്ങളും മറ്റ് ആക്രമണങ്ങളും അപലപിച്ച് യുഎൻ മനുഷ്യാവകാശ കൗൺസിൽ. രാജ്യത്തെ പ്രതിസന്ധിക്ക് സൈനിക പരിഹാരമില്ലെന്ന് മുന്നറിയിപ്പ് നൽകിയ കൗൺസിൽ എല്ലാ കക്ഷികളും ഉപാധികളില്ലാതെ ഉടൻ പൂർണ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. (UN Human Rights Council Sudan)
47 അംഗ കൗൺസിൽ തിങ്കളാഴ്ച 28-10 എന്ന വോട്ടിന് പ്രമേയം പാസാക്കി. ഒമ്പത് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സുഡാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ ദൗത്യത്തിന്റെ കാലാവധിയും കൗൺസിൽ നീട്ടി. പ്രമേയത്തെ സുഡാൻ എതിർത്തു; തങ്ങളുടെ ആശങ്കകൾ കൗൺസിൽ പരിഗണിച്ചില്ലെന്നാണ് രാജ്യത്തിന്റെ നിലപാട്. സുഡാൻ സായുധ സേനയും അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സും (RSF) അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ വ്യാപകമായി ലംഘിക്കുന്നതായി കൗൺസിൽ ചൂണ്ടിക്കാട്ടി. സാധാരണക്കാർക്കെതിരായ വിവേചനരഹിത ആക്രമണങ്ങൾ, വ്യോമാക്രമണങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ എന്നിവയിൽ ആളുകൾ കൊല്ലപ്പെടുകയും സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ തകരുകയും ചെയ്തതായി പ്രമേയം വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ അഞ്ച് മാസത്തിനിടെ മാത്രം ഡ്രോൺ ആക്രമണങ്ങളിൽ 1,100ലധികം പേർ കൊല്ലപ്പെട്ടതായി യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നു.
യുദ്ധത്തിന് ഇന്ധനം പകരുന്ന വിദേശ ഇടപെടലുകളെയും കൗൺസിൽ വിമർശിച്ചു. അനധികൃത സാമ്പത്തിക ശൃംഖലകൾ, ആയുധ കൈമാറ്റം, വിദേശ കൂലിപ്പടയാളികളുടെ സാന്നിധ്യം എന്നിവ പോരാട്ടം രൂക്ഷമാക്കുന്നതായി പ്രമേയം ചൂണ്ടിക്കാട്ടുന്നു. 2023 ഏപ്രിലിൽ ആരംഭിച്ച സൈന്യവും RSFഉം തമ്മിലുള്ള യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും 1.3 കോടിയിലധികം പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സുഡാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുന്ന വസ്തുതാന്വേഷണ ദൗത്യം ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ നോർത്ത് ദാർഫറിലെ എൽ-ഫാഷറിലെ RSF ഉപരോധവും പിടിച്ചടക്കലും വംശഹത്യയുടെ ലക്ഷണങ്ങളുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഭക്ഷണവും മരുന്നും നിഷേധിക്കൽ, കൂട്ടക്കൊലകൾ, വംശീയ ആക്രമണങ്ങൾ, വ്യാപകമായ ലൈംഗിക അതിക്രമങ്ങൾ, ആരോഗ്യകേന്ദ്രങ്ങളുടെ നശീകരണം എന്നിവയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
അതിനിടെ, സൗത്ത് കോർഡോഫാനിൽ ഡില്ലിങ്ങിനും കദുഗ്ലിക്കും ഇടയിൽ ഭക്ഷ്യസാധനങ്ങളുമായി പോയ ലോക ഭക്ഷ്യപദ്ധതിയുടെ (WFP) വാഹനവ്യൂഹത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഒരു ഡ്രൈവർ കൊല്ലപ്പെട്ടു. ഔദ്യോഗിക മാനുഷിക സഹായ ചിഹ്നങ്ങൾ വ്യക്തമായി പതിപ്പിച്ച വാഹനങ്ങളെയാണ് ആക്രമിച്ചതെന്ന് WFP അറിയിച്ചു. 24 മണിക്കൂറിനിടെ WFP വാഹനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആക്രമണമാണിതെന്നും സംഘടന വ്യക്തമാക്കി. മാനുഷിക പ്രവർത്തകരും സഹായവാഹനങ്ങളും ആക്രമണത്തിന്റെ ലക്ഷ്യമാകരുതെന്നും സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും WFP ആവശ്യപ്പെട്ടു.
Summary: The UN Human Rights Council has condemned attacks on civilians in Sudan and called for an immediate and unconditional ceasefire. The council also extended the mandate of its fact-finding mission investigating abuses by the Sudanese Armed Forces and the RSF, amid continued drone attacks and a worsening humanitarian crisis.




