‘ഷോയിൽ പറഞ്ഞത് സ്ക്രിപ്റ്റിന്റെ ഭാഗം’; വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി സഞ്ജയ് ദത്ത് | Sanjay Dutt scripted comments controversy
മുംബൈ: ശേഖർ സുമന്റെ ടോക്ക് ഷോയിൽ രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടൻ സഞ്ജയ് ദത്ത്. ഷോയിൽ താൻ പറഞ്ഞതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റിന്റെ ഭാഗമായിരുന്നെന്നും അത് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളോ വികാരങ്ങളോ അല്ലെന്നും സഞ്ജയ് ദത്ത് വ്യക്തമാക്കി. ഷോയിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ സെഗ്മെന്റിൽ സംസാരിക്കവെയാണ് ഇന്ത്യയിൽ മുമ്പുണ്ടായിരുന്ന സമാധാനം ഇപ്പോൾ അനുഭവപ്പെടുന്നില്ലെന്ന് സഞ്ജയ് ദത്ത് പറഞ്ഞത്. ഇന്ത്യക്കാർ സ്നേഹമുള്ളവരും വിശാലമനസ്കരും ആതിഥ്യമര്യാദയുള്ളവരുമാണെന്നും പഴയ നല്ല നാളുകൾ തിരിച്ചെത്താൻ പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമർശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. (Sanjay Dutt scripted comments controversy)
തുടർന്ന് പങ്കുവച്ച വീഡിയോ സന്ദേശത്തിലും എക്സിലെ കുറിപ്പിലുമാണ് സഞ്ജയ് ദത്ത് വിശദീകരണം നൽകിയത്. ഷോയിൽ പറഞ്ഞതെല്ലാം ഒരു സ്ക്രിപ്റ്റഡ് സെഗ്മെന്റിന്റെ ഭാഗമായിരുന്നെന്നും അതനുസരിച്ചാണ് തങ്ങൾ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരാമർശങ്ങൾ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളോ ചിന്തകളോ വികാരങ്ങളോ അല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ യഥാർഥ കാഴ്ചപ്പാടുകളെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരുടെയും വിശ്വാസത്തെയും സ്നേഹത്തെയും താൻ ഏറെ വിലമതിക്കുന്നുവെന്നും സഞ്ജയ് ദത്ത് പറഞ്ഞു. താൻ അഭിനയിച്ച ‘മുന്നാ ഭായ്’ സിനിമകളിലെ ‘ഗാന്ധിഗിരി’ പോലെ സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കുക എന്നതാണ് തന്റെ സന്ദേശമെന്നും ടെലിവിഷൻ പരിപാടിയിലെ പ്രകടനത്തെ അതേ പശ്ചാത്തലത്തിൽ കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഷോയിലെ പരാമർശങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സഞ്ജയ് ദത്തിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
Summary: Sanjay Dutt has clarified that his controversial remarks about the current situation in India during Shekhar Suman’s talk show were part of a pre-written scripted segment. He said the comments did not reflect his personal views or feelings and that he did not intend to hurt anyone’s sentiments.




