Skip to content
November 19, 2026
⌕

“ജനാധിപത്യത്തെ നിശബ്ദമാക്കാനാകില്ല”; രാഹുൽ ഗാന്ധിക്കും ഇൻഡ്യ സഖ്യത്തിനും പൂർണ്ണ പിന്തുണയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാഹുലിനെ പ്രവേശിപ്പിച്ച ബാരഖംബ പോലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രിയും കെ.സി. വേണുഗോപാലും. അറസ്റ്റ് ചെയ്ത വാഹനത്തിന്റെ ടയർ പഞ്ചറാക്കി പ്രവർത്തകർ. ഡൽഹിയിൽ നാടകീയ രംഗങ്ങൾ

October 7, 2026
Share this post to

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ജനാധിപത്യത്തെ പോലീസിനെയും ഭരണകൂടത്തെയും ഉപയോഗിച്ച് നിശബ്ദമാക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 

തെരഞ്ഞെടുപ്പിലെ വൻ ക്രമക്കേടുകൾക്കെതിരെയും നീതിയുക്തവും സുതാര്യവുമായ ജനാധിപത്യ പ്രക്രിയ വീണ്ടെടുക്കുന്നതിനായുമുള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്ന് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ‘എക്സ്’ (ട്വിറ്റർ) ഹാൻഡിലിലൂടെ വ്യക്തമാക്കി. 

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും തെരുവിൽ പോരാടുന്ന ഇൻഡ്യ സഖ്യത്തിലെ എം.പിമാർക്കും നേരിട്ട് പിന്തുണ അർപ്പിക്കാനാണ് താൻ ദേശീയ തലസ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം കുറിച്ചു.

തുടർച്ചയായ നാലാം ദിവസവും ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധം സംഘർഷഭരിതമായി തുടരുന്നതിനിടെ, കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് ബാരഖംബ റോഡ് പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. 

സംഭവമറിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിൽ നിന്നുള്ള ഇടത്-വലത് എം.പിമാർ എന്നിവർ നേരിട്ട് സ്റ്റേഷനിലെത്തി. 

എന്നാൽ മുഖ്യമന്ത്രി അടക്കമുള്ള ഉന്നത നേതാക്കളെ പോലീസ് തുടക്കത്തിൽ സ്റ്റേഷൻ കവാടത്തിൽ തടഞ്ഞുവെച്ചത് കനത്ത പ്രതിഷേധത്തിന് വഴിവെച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട ശേഷമാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിച്ചത്.

നേരത്തെ, രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പോലീസ് വാനിന്റെ ടയറുകൾ രോഷാകുലരായ കോൺഗ്രസ് പ്രവർത്തകർ കുത്തിക്കീറി പഞ്ചറാക്കിയിരുന്നു. തുടർന്ന് പോലീസ് വാഹനത്തിന് മുകളിൽ കയറിനിന്ന പ്രവർത്തകർ കേന്ദ്ര സർക്കാരിനെതിരെ പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കി. 

ഇതിനിടെ രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞുവെച്ചതും വലിയ വാക്കുതർക്കത്തിന് ഇടയാക്കി. രാഹുലിനെ കൊണ്ടുപോയ വാഹനത്തെ പിന്തുടരാൻ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിനെ പോലീസ് അനുവദിക്കാതിരുന്നതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. 

ജനപ്രതിനിധികളെയും പ്രതിപക്ഷ നേതാക്കളെയും ക്രൂരമായി വേട്ടയാടുന്ന ഡൽഹി പോലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ദേശീയതലത്തിൽ വൻ പ്രതിഷേധമാണ് അലയടിക്കുന്നത്.

Get more updates from Pudukad News on Google