Skip to content
November 19, 2026
⌕

കേരളത്തിൽ ആദ്യമായി ടോട്ടൽ സെറാമിക് ക്നീ ഇംപ്ലാന്റ്; ആസ്റ്റർ മെഡ്‌സിറ്റിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം | Total Ceramic Knee Implant

October 7, 2026
Share this post to
Total Ceramic Knee Implant

കൊച്ചി: കേരളത്തിൽ ആദ്യമായി ടോട്ടൽ സെറാമിക് ക്നീ ഇംപ്ലാന്റ് ഉപയോഗിച്ചുള്ള സമ്പൂർണ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആസ്റ്റർ മെഡ്‌സിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി (Total Ceramic Knee Implant). എറണാകുളം സ്വദേശിയായ 53 വയസ്സുകാരനിലാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തിയത്. പ്രായം കുറഞ്ഞ രോഗികളിൽ ദീർഘകാലം നിലനിൽക്കുന്ന സന്ധിമാറ്റിവയ്ക്കൽ ചികിത്സ സാധ്യമാക്കുന്നതിൽ ഈ സാങ്കേതികവിദ്യ നിർണായക മുന്നേറ്റമാകുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ മൂന്ന് വർഷമായി കടുത്ത കാൽമുട്ട് വേദന അനുഭവിച്ചിരുന്ന രോഗിയുടെ ദൈനംദിന ജീവിതത്തെയും ശാരീരിക പ്രവർത്തനങ്ങളെയും ഇത് കാര്യമായി ബാധിച്ചിരുന്നു. ഇതിനൊപ്പം മുട്ടിന് വളവ് രൂപപ്പെടുകയും ചെയ്തതോടെയാണ് ചികിത്സയ്ക്കായി ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിയത്. വേദനയിൽ നിന്ന് ആശ്വാസം നൽകുന്നതിനും സജീവമായ ജീവിതശൈലിയിലേക്ക് മടങ്ങിയെത്തുന്നതിനുമായി മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു.

രോഗിയുടെ പ്രായവും ദീർഘകാല ചികിത്സാ ഫലവും പരിഗണിച്ചാണ് ടോട്ടൽ സെറാമിക് ക്നീ ഇംപ്ലാന്റ് തിരഞ്ഞെടുത്തത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില ഇംപ്ലാന്റ് വസ്തുക്കളെ അപേക്ഷിച്ച് സെറാമിക് ഇംപ്ലാന്റുകൾക്ക് തേയ്മാനനിരക്ക് കുറവാണെന്നതാണ് പ്രധാന സവിശേഷത. ഇതുവഴി ഇംപ്ലാന്റിന്റെ ദീർഘകാല നിലനിൽപ്പ് മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

“പ്രായം കുറഞ്ഞ രോഗികളിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുമ്പോൾ ഇംപ്ലാന്റിന്റെ ദീർഘകാല നിലനിൽപ്പാണ് പ്രധാന പരിഗണന. മുട്ടുമാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളെ അപേക്ഷിച്ച് ടോട്ടൽ സെറാമിക് ഇംപ്ലാന്റിന് തേയ്മാനനിരക്ക് വളരെ കുറവാണ്. അതിനാൽ ദീർഘകാലം, രോഗിയുടെ ജീവിതകാലം മുഴുവൻ തന്നെ നിലനിൽക്കാനുള്ള സാധ്യത കൂടുതലാണ്,” ആസ്റ്റർ മെഡ്‌സിറ്റിയിലെ ഓർത്തോപീഡിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. വിജയ മോഹൻ എസ്. പറഞ്ഞു.

ഉയർന്ന നിലവാരമുള്ള സെറാമിക് മെറ്റീരിയലിനൊപ്പം ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളും ഇംപ്ലാന്റിന്റെ കൃത്യമായ അലൈൻമെന്റും ബാലൻസിംഗും ഉറപ്പാക്കുന്നതിൽ സഹായിക്കുന്നു. ലോഹ അലർജിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിവാക്കാനും സെറാമിക് ഇംപ്ലാന്റുകൾക്ക് സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഭാരം കുറഞ്ഞതും കൃത്യമായി അലൈൻ ചെയ്തതുമായ ഇംപ്ലാന്റ് മുട്ടിന്റെ സ്വാഭാവിക ചലനശേഷി വീണ്ടെടുക്കുന്നതിനും രോഗിയെ വേഗത്തിൽ സജീവമായ ജീവിതത്തിലേക്ക് മടങ്ങുന്നതിനും സഹായിക്കുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. പ്രായം കുറഞ്ഞ രോഗികളിലെ മുട്ടുമാറ്റിവയ്ക്കൽ ചികിത്സയിൽ ദീർഘകാല ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയൊരു സാധ്യതയാണ് ഈ സാങ്കേതികവിദ്യ മുന്നോട്ടുവയ്ക്കുന്നത്.

Story Summary:
Aster Medcity has successfully performed Kerala’s first total knee replacement using a total ceramic knee implant on a 53-year-old patient from Ernakulam. The technology offers low wear rates and could provide a durable knee replacement option, particularly for younger patients.

Get more updates from Pudukad News on Google