Skip to content
November 20, 2026
⌕

ബീമാപ്പള്ളി ഉറൂസിനും വെട്ടുകാട് തിരുനാളിനും കെഎസ്ആർടിസിയുടെ 45 സ്പെഷ്യൽ സർവീസുകൾ | KSRTC Special Services

October 7, 2026
Share this post to
KSRTC

തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസിനും വെട്ടുകാട് പള്ളി തിരുനാളിനുമായി കെഎസ്ആർടിസി 45 സ്പെഷ്യൽ സർവീസുകൾ നടത്തും (KSRTC Special Services). ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തൈക്കാട് ഗസ്റ്റ്ഹൗസിൽ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഗതാഗത മന്ത്രി സി.പി. ജോൺ ഇക്കാര്യം അറിയിച്ചത്.

ബീമാപ്പള്ളി ഉറൂസിനായി 20 സ്പെഷ്യൽ ബസുകൾ സർവീസ് നടത്തും. കഴിഞ്ഞ വർഷം 14 സർവീസുകളാണ് നടത്തിയിരുന്നത്. കിഴക്കേക്കോട്ട, ഈഞ്ചക്കൽ, വള്ളക്കടവ്, കല്ലുമൂട് വഴികളിലൂടെയാകും ബീമാപ്പള്ളിയിലേക്കുള്ള സർവീസുകൾ.

വെട്ടുകാട് പള്ളി തിരുനാളിനായി ഇത്തവണ 25 സ്പെഷ്യൽ സർവീസുകളാണ് കെഎസ്ആർടിസി ഒരുക്കുന്നത്. കഴിഞ്ഞ വർഷം 18 സർവീസുകളായിരുന്നു ഉണ്ടായിരുന്നത്. കിഴക്കേക്കോട്ട, പാളയം, വലിയതുറ വഴികളിലൂടെയാകും വെട്ടുകാട് പള്ളിയിലേക്കുള്ള സർവീസുകൾ.

ബീമാപ്പള്ളിയിലും വെട്ടുകാട് പള്ളിയിലും താൽക്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫീസുകൾ സജ്ജീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേടായ വൈദ്യുതി വിളക്കുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് കെഎസ്ഇബി ഉദ്യോഗസ്ഥർക്കും റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി.

ആഘോഷത്തോടനുബന്ധിച്ച് ശുദ്ധജല വിതരണം, മാലിന്യ സംസ്കരണം, സെപ്റ്റേജ് ക്ലീനിങ് തുടങ്ങിയ സംവിധാനങ്ങൾ ഉറപ്പാക്കും. തീർഥാടന കേന്ദ്രങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കുമായി വിശ്രമകേന്ദ്രങ്ങളും ഒരുക്കും. പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുന്നതിനൊപ്പം 24 മണിക്കൂറും വോളന്റിയർമാരുടെ സേവനവും ലഭ്യമാക്കും.

ഇരുചക്ര വാഹനങ്ങളിൽ റാലി നടത്തുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്നും ഇതുസംബന്ധിച്ച് പള്ളികളിൽ അനൗൺസ്മെന്റുകളിലൂടെ ബോധവത്കരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമും പ്രവർത്തിക്കും.

വെട്ടുകാട് പള്ളി തിരുനാളിനോടനുബന്ധിച്ച് വിമാനത്തിൽ പുഷ്പവൃഷ്ടി നടത്തുന്നതിനുള്ള അനുമതി നൽകണമെന്ന ആവശ്യം പള്ളി ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു. പൊലീസ് ഒരുക്കുന്ന പാർക്കിങ് സൗകര്യങ്ങൾക്ക് പുറമേ സമീപത്തെ വീടുകളുടെ ഉടമകളിൽ നിന്ന് സ്വകാര്യ സ്ഥലങ്ങളിൽ പാർക്കിങ് അനുവദിക്കുന്നതിനുള്ള സമ്മതം തേടണമെന്നും മന്ത്രി നിർദേശിച്ചു.

മേയർ വി.വി. രാജേഷ്, കൗൺസിലർ കിൻസി, വെട്ടുകാട് പള്ളി വികാരി ഫാ. ഷാജു വില്യം, ബീമാപ്പള്ളി ഭരണസമിതി ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Story Summary:
KSRTC will operate 45 special services for the Beemapally Uroos and Vettucaud Church Feast in Thiruvananthapuram. Of these, 20 services will operate to Beemapally and 25 to Vettucaud, along with additional arrangements for transport, parking, healthcare, sanitation and public safety.

Get more updates from Pudukad News on Google