loader image
ഓട്ടോയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് സ്വർണം കവർന്നു; പ്രതികൾ പിടിയിൽ

ഓട്ടോയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് സ്വർണം കവർന്നു; പ്രതികൾ പിടിയിൽ

കാഞ്ഞങ്ങാട്: വീടിന് അടച്ചുറപ്പില്ലാത്തതിനാൽ കൂടെക്കരുതിയ ഏഴ് പവൻ സ്വർണാഭരണങ്ങൾ ആശുപത്രി മുറ്റത്ത് നിർത്തിയിട്ട ഓട്ടോയിൽ നിന്ന് മോഷ്ടിച്ച സംഘം പിടിയിലായി. കള്ളാർ ഒക്ലാവ് സ്വദേശി സുബൈർ (23), കാഞ്ഞങ്ങാട് വടകരമുക്ക് സ്വദേശി ആഷിഖ് (28) എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ ഇ അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ അഷറഫിന്റെ ഓട്ടോറിക്ഷയിലാണ് കവർച്ച നടന്നത്. പരിക്കേറ്റ ഭാര്യാപിതാവിനെ മാവുങ്കാലിലെ ആശുപത്രിയിൽ എത്തിക്കാൻ പോയതായിരുന്നു അഷറഫും കുടുംബവും. വീട് സുരക്ഷിതമല്ലാത്തതിനാൽ വീട്ടിലുണ്ടായിരുന്ന ഏഴ് പവന്റെ സ്വർണവളകൾ ഭാര്യ കൗലത്ത് കൈവശം വെച്ചു. ആശുപത്രിയിലെത്തിയപ്പോൾ ഓട്ടോയുടെ ഡാഷ് ബോർഡിൽ വെച്ച് പൂട്ടുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം തിരികെ എത്തിയപ്പോഴാണ് ഡാഷ് ബോർഡ് കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ഓട്ടോയുടെ മുൻ സീറ്റിൽ കയറുന്നത് കണ്ടെത്തി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Also Read: പെട്രോൾ മോഷണം ചോദ്യം ചെയ്തു; യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

See also  കേരളത്തിന്റെ അതിർത്തി കണ്ണൂരല്ല; അതിവേഗ റെയിലിൽ കാസർകോടിനെ വെട്ടിയവർക്കെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അമ്പലത്തറയിൽ വെച്ച് സുബൈറിനെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് സ്വർണം സൂക്ഷിച്ചിരുന്ന ആഷിഖിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ആഷിഖിന്റെ വീട്ടിൽ നിന്ന് ഏഴ് സ്വർണവളകളും പോലീസ് കണ്ടെടുത്തു. പിടിയിലായ ആഷിഖ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇൻസ്‌പെക്ടർ ഇ അനൂപ്കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ ശാർങ്ധരൻ, എഎസ്‌ഐ മാരായ സുനിൽകുമാർ, സുഗുണൻ, ആനന്ദകൃഷ്ണൻ, സീനിയർ സിവിൽപോലീസ് ഓഫീസർ കെ.ടി.അനിൽ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

The post ഓട്ടോയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് സ്വർണം കവർന്നു; പ്രതികൾ പിടിയിൽ appeared first on Express Kerala.

Spread the love

New Report

Close