യോഗങ്ങളില്ല, കൂടിയാലോചനയില്ല; നാല് മാസം പിന്നിടുമ്പോഴും യുഡിഎഫിലും കോൺഗ്രസിലും ഭിന്നത രൂക്ഷം. മുന്നണി യോഗങ്ങൾ വിരലിലെണ്ണാവുന്നത് മാത്രം, സുപ്രധാന തീരുമാനങ്ങളിലും നിയമനങ്ങളിലും ചർച്ചയില്ലെന്ന് പരാതി
തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റ് നാല് മാസം പിന്നിടുമ്പോഴും മുന്നണിയിലും പാർട്ടിയിലും കൂടിയാലോചനകളും യോഗങ്ങളും നടക്കാത്തതിനെ ചൊല്ലി യുഡിഎഫിലും കോൺഗ്രസിലും ഭിന്നത രൂക്ഷമാകുന്നു.
നയപരമായ വിഷയങ്ങളിലും സുപ്രധാന തീരുമാനങ്ങളിലും ചർച്ചകൾ നടക്കുന്നില്ലെന്ന പരാതിയുമായി ഘടക കക്ഷികൾക്ക് പുറമേ പ്രമുഖ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ നാല് മാസത്തിനിടെ വിരലിലെണ്ണാവുന്ന യോഗങ്ങൾ മാത്രമാണ് മുന്നണിയിലും പാർട്ടിയിലും നടന്നത്.
കോൺഗ്രസിന്റെ നിർണായക തീരുമാനങ്ങൾ എടുക്കേണ്ട രാഷ്ട്രീയകാര്യസമിതി യോഗം ഇതുവരെ ചേർന്നത് ഒരേയൊരു തവണ മാത്രമാണ്.
നിരന്തരമായ സമ്മർദ്ദങ്ങൾക്കും ആവശ്യങ്ങൾക്കും ഒടുവിൽ ഒരുതവണ മാത്രമാണ് കെപിസിസി ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്തത്.
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗവും ഒരു തവണയിൽ ഒതുങ്ങി.ഈ മാസം 12ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ പാർലമെൻററി പാർട്ടി യോഗം വിളിക്കണമെന്ന ആവശ്യം ശക്തം.
സഭ നടക്കുമ്പോൾ ദിവസം രാവിലെ പ്രധാന നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച മാത്രമാണ് സംഭവിക്കുന്നതെന്നാണ് ആക്ഷേപം.
യോഗങ്ങൾ ചേരാത്തതിനാൽ സ്വന്തം മണ്ഡലങ്ങളിലെ അടിയന്തിര വിഷയങ്ങളും വികസന പ്രതിസന്ധികളും നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കാൻ പോലും അവസരം ലഭിക്കുന്നില്ലെന്ന കടുത്ത അമർഷത്തിലാണ് കോൺഗ്രസ് എംഎൽഎമാർ.
നേതാക്കൾ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയാലുടൻ കെപിസിസി, യുഡിഎഫ് അടിയന്തര യോഗങ്ങൾ വിളിച്ചുചേർക്കുമെന്നാണ് സൂചന.
സർക്കാരിന്റെയും മുന്നണിയുടെയും സുഗമമായ പ്രവർത്തനത്തിന് കൂട്ടായ ചർച്ചകൾ അനിവാര്യമാണെന്ന് ഘടക കക്ഷികളും മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രശ്നങ്ങൾ വരും ദിവസങ്ങളിൽ പാർട്ടി വേദിയിൽ ചർച്ച ചെയ്തു പരിഹരിക്കാമെന്ന ധാരണയായതോടെ, വിഷയം കൂടുതൽ വഷളാക്കാതിരിക്കാൻ ഇനി പരസ്യ പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്നാണ് നേതാക്കൾക്കിടയിലെ തീരുമാനം. സർക്കാരുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങളിൽ മുഖ്യമന്ത്രി ചർച്ചയോ ആലോചനയോ നടത്താൻ കൂട്ടാക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് കൺവീനർ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെയാണ് യോഗങ്ങൾ വിളിക്കാത്തതിനെ ചൊല്ലി മറ്റ് നേതാക്കളും കടന്നു വരുന്നത്.
ചർച്ച കൂടാതെ തീരുമാനങ്ങളെടുക്കു ന്നതിനെ ചോദ്യം ചെയ്ത് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള ഹൈക്കമാൻഡ് നേതാക്കളെ കണ്ട് പരാതി നൽകുകയും ചെയ്തിരുന്നു.
സുപ്രധാന സർക്കാർ തീരുമാനങ്ങളും നിയമനങ്ങളും ബോർഡ്-കോർപ്പറേഷൻ വിഭജനവും മുന്നണിയിലോ പാർട്ടിയോ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി നടപ്പാക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.
പല പ്രധാന തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് കൺവീനർ പോലും അറിയുന്നതെന്ന വിമർശനം ഉയർന്നതോടെയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരസ്യ നിലപാടുമായി രംഗത്തുവന്നത്.
തുടർന്ന് ഡൽഹിയിലെത്തിയ അദ്ദേഹം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് സംസ്ഥാനത്തെ മുന്നണി പ്രതിസന്ധിയെക്കുറിച്ചും കൂടിയാ ലോചനകളുടെ അഭാവത്തെ ക്കുറിച്ചും വിശദമായ പരാതി കൈമാറി.
എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുൻപ് ഹൈക്ക മാൻഡിൻെറ ഇടപെടലുണ്ടായി ല്ലെങ്കിൽ സ്ഥിതി വഷളാകാനാണ് സാധ്യത.




