Skip to content
November 19, 2026
⌕

‘സന്തോഷത്തോടെ പഠിക്കാം’; വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനായി സംസ്ഥാനവ്യാപക ക്യാമ്പയിൻ | Kerala Student Mental Health

October 8, 2026
Share this post to
Minister K Muraleedharan

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി ‘സന്തോഷത്തോടെ പഠിക്കാം’ എന്ന പേരിൽ സംസ്ഥാനവ്യാപക ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു (Kerala Student Mental Health). വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 12 മുതൽ 17 വരെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിവിധ ബോധവത്കരണ പരിപാടികൾ നടത്തുക.

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിയുന്നതിനും അവർക്ക് ആവശ്യമായ കൗൺസലിംഗ്, മാനസികാരോഗ്യ പിന്തുണ, തുടർപരിചരണം എന്നിവ ലഭ്യമാക്കുന്നതിനും ക്യാമ്പയിനിൽ പ്രത്യേക പ്രാധാന്യം നൽകും.

വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസുകൾ, സംവാദങ്ങൾ, കൗൺസലിംഗ് സെഷനുകൾ, സർഗാത്മക പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കിനെക്കുറിച്ചും പ്രത്യേക ബോധവത്കരണം നൽകും.

ലഹരി വിരുദ്ധ ബോധവത്കരണവും
വിദ്യാർത്ഥികളെ ലഹരിയുടെ പിടിയിൽപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായി പ്രത്യേക പരിപാടികളും ക്യാമ്പയിന്റെ ഭാഗമായി നടത്തും. തെറ്റായ കൂട്ടുകെട്ടുകളിലേക്കും വഴിതെറ്റിക്കുന്ന സാഹചര്യങ്ങളിലേക്കും കുട്ടികൾ എത്തിപ്പെടുന്നത് തടയുന്നതിനായി ആവശ്യമായ മാർഗനിർദേശവും കൗൺസലിംഗ് പിന്തുണയും നൽകും.

ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സൈക്യാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, കൗൺസിലർമാർ എന്നിവരുടെ സേവനം ക്യാമ്പയിനായി പരമാവധി പ്രയോജനപ്പെടുത്താനും മന്ത്രി നിർദേശം നൽകി.

സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ മാനസികാരോഗ്യ പരിപാടി, ജില്ലാ ആരോഗ്യ സംവിധാനങ്ങൾ എന്നിവയുടെ ഏകോപനത്തോടെ സ്കൂളുകളിൽ ആവശ്യമായ വിദഗ്ധ സേവനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും നടപ്പാക്കും.

ഭിന്നശേഷി വിദ്യാർത്ഥികൾക്കും പ്രത്യേക പരിഗണന
ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രത്യേക മാനസികാരോഗ്യ ആവശ്യങ്ങൾ പരിഗണിച്ച് അവർക്ക് അനുയോജ്യമായ മാനസികാരോഗ്യ പിന്തുണ, കൗൺസലിംഗ്, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കും. ക്യാമ്പയിനിലെ എല്ലാ പ്രവർത്തനങ്ങളിലും അവരുടെ തുല്യവും സജീവവുമായ പങ്കാളിത്തം ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും അപമാനബോധവും കുറയ്ക്കുന്നതിനായി വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ബോധവത്കരണ സന്ദേശങ്ങളും പ്രചരിപ്പിക്കും.

ക്യാമ്പയിൻ ജില്ലാതലത്തിൽ ഫലപ്രദമായി നടപ്പാക്കിയ ശേഷം സംസ്ഥാനതലത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

Story Summary: Kerala will conduct a statewide mental health awareness campaign titled ‘Santhoshathode Padikkaam’ from October 12 to 17 in government schools and government-controlled educational institutions. The campaign will focus on identifying student mental health challenges early and providing counselling, expert support, substance-abuse awareness and follow-up care.

Get more updates from Pudukad News on Google