അങ്കമാലി അപ്പോളോ അഡ്ലക്സിൽ ആദ്യ റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം | Apollo Adlux Hospital
അങ്കമാലി: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി (Apollo Adlux Hospital). ആശുപത്രിയുടെ റീനൽ സയൻസസ് വിഭാഗത്തിലെ സുപ്രധാന നേട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതോടൊപ്പം രോഗികൾക്ക് മിനിമലി ഇൻവേസീവ് ചികിത്സ ലഭ്യമാക്കുന്നതിനായി പുതിയ റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റിനും തുടക്കമായി.
ട്രാൻസ്പ്ലാന്റ് സർജന്മാർ, യൂറോളജിസ്റ്റുകൾ, നെഫ്രോളജിസ്റ്റുകൾ, അനസ്തെറ്റിസ്റ്റുകൾ, ക്രിറ്റിക്കൽ കെയർ വിദഗ്ധർ എന്നിവർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. യൂറോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാന്റ് വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. റോയ് പി. ജോൺ നേതൃത്വം നൽകി.
നെഫ്രോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. ജോജോ പുള്ളോക്കര, ഡോ. മഞ്ജു കമൽ, കൺസൾട്ടന്റ് ജീന ജെ. സത്യൻ, യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ബിജു സുകുമാരൻ പിള്ള, അനസ്തേഷ്യ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ദിനിത് ജോയ്, ഡോ. പ്രശാന്ത് എന്നിവരും സംഘത്തിന്റെ ഭാഗമായി. ശസ്ത്രക്രിയയ്ക്ക് വിധേയരായ ദാതാവും സ്വീകർത്താവും സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അറിയിച്ചു.
മിനിമലി ഇൻവേസീവ് സാങ്കേതികവിദ്യ
വലിയ മുറിവുകൾ ആവശ്യമായ പരമ്പരാഗത ഓപ്പൺ കിഡ്നി ട്രാൻസ്പ്ലാന്റ് രീതികളിൽ നിന്ന് വ്യത്യസ്തമായി, ഹൈ-ഡെഫനിഷൻ 3ഡി ദൃശ്യസാങ്കേതികവിദ്യയും ഫ്ലെക്സിബിൾ റോബോട്ടിക് ഉപകരണങ്ങളും ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി വ്യക്തമാക്കി.
ചെറിയ മുറിവുകളിലൂടെ ശസ്ത്രക്രിയ നടത്തുന്നതിനാൽ മനുഷ്യരുടെ കൈകളിലെ സ്വാഭാവിക വിറയൽ ഒഴിവാക്കി രക്തക്കുഴലുകളും സൂക്ഷ്മമായ മൂത്രനാളികളും കൂടുതൽ കൃത്യതയോടെ കൈകാര്യം ചെയ്യാൻ സാധിച്ചതായും ചുറ്റുമുള്ള ആരോഗ്യകരമായ കോശങ്ങൾക്ക് കേടുപാടുകൾ കുറയ്ക്കാൻ സഹായിച്ചതായും ആശുപത്രി അറിയിച്ചു.
റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് വൃക്കരോഗ ചികിത്സാരംഗത്തെ ഭാവിയിലെ പ്രധാന സാങ്കേതികവിദ്യകളിലൊന്നാണെന്ന് ഡോ. റോയ് പി. ജോൺ പറഞ്ഞു. ശസ്ത്രക്രിയയിലെ സങ്കീർണമായ ഘട്ടങ്ങളിൽ ഉയർന്ന ദൃശ്യവ്യക്തതയും കൃത്യമായ നിയന്ത്രണവും നൽകാൻ റോബോട്ടിക് സംവിധാനങ്ങൾക്ക് സാധിക്കും. ചെറിയ മുറിവുകളിലൂടെയുള്ള ശസ്ത്രക്രിയ രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റിലൂടെ അനുയോജ്യരായ രോഗികൾക്ക് രക്തസ്രാവം, അണുബാധ, ശസ്ത്രക്രിയാനന്തര വേദന എന്നിവ കുറയ്ക്കാൻ കഴിയുമെന്നും ആശുപത്രി അറിയിച്ചു. രോഗികൾക്ക് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
റീനൽ സയൻസസ് സെന്ററിന്റെ ശേഷി വർധിപ്പിക്കും
രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിൽ ഈ നേട്ടം പ്രധാന ചുവടുവയ്പ്പാണെന്ന് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബൽ ജോർജ് പറഞ്ഞു. റീനൽ സയൻസസ് വിഭാഗത്തിൽ റോബോട്ടിക് സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിലൂടെ സങ്കീർണമായ അവയവമാറ്റ ശസ്ത്രക്രിയകൾ കൂടുതൽ കൃത്യതയോടെ നടത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആരംഭിച്ചതോടെ വൃക്കരോഗ നിർണയം, നെഫ്രോളജി, ഡയാലിസിസ്, ട്രാൻസ്പ്ലാന്റ്, ശസ്ത്രക്രിയാനന്തര പരിചരണം എന്നിവ ഉൾപ്പെടുന്ന സെന്റർ ഓഫ് എക്സലൻസ് ഇൻ റീനൽ സയൻസസിന്റെ സേവനശേഷി കൂടുതൽ ശക്തിപ്പെട്ടതായും ആശുപത്രി അറിയിച്ചു.
റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് സൗകര്യം ഇപ്പോഴും പരിമിതമായ ആശുപത്രികളിൽ മാത്രമാണ് ലഭ്യമാകുന്നതെന്ന് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും അനസ്തേഷ്യോളജിസ്റ്റുമായ ഡോ. ദിൽഷാദ് പറഞ്ഞു. പുതിയ സൗകര്യം വൃക്ക മാറ്റിവെക്കൽ ചികിത്സാരംഗത്തെ സുപ്രധാന ചുവടുവയ്പ്പാണെന്നും കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ നടത്താനും ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകൾ കുറയ്ക്കാനും റോബോട്ടിക് സാങ്കേതികവിദ്യ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ നടന്ന വാർത്താസമ്മേളനത്തിൽ മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. രമേഷ് കുമാർ ആർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Story Summary: Apollo Adlux Hospital, Angamaly, has successfully performed its first robotic kidney transplant and launched a dedicated Robotic Kidney Transplant Unit. The hospital says the minimally invasive technology is designed to provide enhanced precision and support faster recovery while strengthening its comprehensive renal care services.




