വിനു മങ്കാദ് ട്രോഫി: കേരള അണ്ടർ-19 ടീമിന് വിജയത്തുടക്കം; ഉത്തരാഖണ്ഡിനെ 16 റൺസിന് തോൽപ്പിച്ചു | Kerala Under 19
ലഖ്നൗ: പുതിയ സീസണിൽ വിജയത്തുടക്കവുമായി കേരള അണ്ടർ-19 ക്രിക്കറ്റ് ടീം (Kerala Under 19). വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡിനെ 16 റൺസിന് കേരളം പരാജയപ്പെടുത്തി. മഴയെ തുടർന്ന് 41 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഉത്തരാഖണ്ഡ് 40.5 ഓവറിൽ 300 റൺസിന് ഓൾഔട്ടായി.
കേരളത്തിന്റെ വിജയത്തിൽ ഓപ്പണർ കെ.ആർ. രോഹിതിന്റെ തകർപ്പൻ സെഞ്ച്വറിയും ആദർശ് രഞ്ജിത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും നിർണായകമായി.
രോഹിതിന് തകർപ്പൻ സെഞ്ച്വറി
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ കെ.ആർ. രോഹിതും അഹ്മദ് ഖാനും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 6.1 ഓവറിൽ 75 റൺസ് കൂട്ടിച്ചേർത്തു. അഹ്മദ് ഖാൻ 18 റൺസെടുത്ത് പുറത്തായെങ്കിലും രോഹിത് ആക്രമണാത്മക ബാറ്റിങ് തുടർന്നു.
വെറും 28 പന്തിൽ അർധസെഞ്ച്വറി നേടിയ രോഹിത് 70 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി. 84 പന്തിൽ ഒൻപത് ഫോറും ഒൻപത് സിക്സും ഉൾപ്പെടെ 123 റൺസാണ് രോഹിത് നേടിയത്.
ക്യാപ്റ്റൻ എൻ. ഹൃഷികേശ് 35 റൺസുമായി രോഹിതിന് പിന്തുണ നൽകി. തുടർന്ന് മാനവ് കൃഷ്ണ 32 പന്തിൽ 42 റൺസും സംഗീത് സാഗർ 24 പന്തിൽ 34 റൺസും നേടി. ഇതോടെ കേരളം 41 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി.
ഉത്തരാഖണ്ഡിനായി വിനായക് മൂന്ന് വിക്കറ്റും സമ്രാട് ശർമ്മ രണ്ട് വിക്കറ്റും വീഴ്ത്തി.
ആദർശ് രഞ്ജിത്തിന്റെ അഞ്ച് വിക്കറ്റ്; കേരളത്തിന് ജയം
316 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഉത്തരാഖണ്ഡിന് ക്യാപ്റ്റൻ ആയുഷ് ദേസ്വാളിന്റെ അർധസെഞ്ച്വറി മികച്ച തുടക്കം നൽകി. ആയുഷ് 65 റൺസെടുത്ത് പുറത്തായതോടെ ഉത്തരാഖണ്ഡിന്റെ മധ്യനിര തകർന്നു. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന നിലയിലായിരുന്നു ടീം.
എന്നാൽ മായങ്ക് മുദീലയും ലക്കി പരാശറും ചേർന്ന് ഏഴാം വിക്കറ്റിൽ 105 റൺസിന്റെ കൂട്ടുകെട്ട് തീർത്തതോടെ ഉത്തരാഖണ്ഡ് വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി. മായങ്ക് 62 പന്തിൽ 82 റൺസും ലക്കി പരാശർ 31 പന്തിൽ 49 റൺസും നേടി.
നിർണായക ഘട്ടത്തിൽ പന്തെറിഞ്ഞ ആദർശ് രഞ്ജിത്ത് കേരളത്തിന് വീണ്ടും മേൽക്കൈ നൽകി. 39-ാം ഓവറിൽ മായങ്കിനെയും ലക്കിയെയും പുറത്താക്കിയ ആദർശ് അടുത്ത ഓവറിൽ വാലറ്റക്കാരായ ആകാശ് കുമാറിനെയും രാഹുൽ സിജ്വാലിയെയും കൂടി മടക്കി.
ആദർശ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാൻ കുനാൽ നാല് വിക്കറ്റുമായി മികച്ച പിന്തുണ നൽകി. ഒടുവിൽ 40.5 ഓവറിൽ 300 റൺസിന് ഉത്തരാഖണ്ഡ് ഓൾഔട്ടായതോടെ കേരളം 16 റൺസിന്റെ വിജയം സ്വന്തമാക്കി.
കേരളം: 41 ഓവറിൽ 316/7
ഉത്തരാഖണ്ഡ്: 40.5 ഓവറിൽ 300 ഓൾഔട്ട്
Story Summary: Kerala Under-19 began their Vinoo Mankad Trophy campaign with a 16-run victory over Uttarakhand in Lucknow. K.R. Rohith smashed 123 off 84 balls, while Adarsh Ranjith claimed five wickets to help Kerala defend their total of 316.




