
ബെംഗളൂരു: രാമമൂർത്തി നഗറിൽ സോഫ്റ്റ്‌വെയർ എൻജിനീയറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബലാത്സംഗശ്രമം ചെറുത്തതിനെത്തുടർന്ന് അയൽവാസിയായ കർണൽ കുറൈ (18) എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്. അപ്പാർട്ട്‌മെന്റിൽ തീപ്പിടിത്തമുണ്ടായതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് യുവതി മരിച്ചതെന്നായിരുന്നു പ്രാഥമികമായി സംശയിച്ചിരുന്നത്. എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
34 വയസ്സുള്ള ശർമിള ഡികെയെയാണ് ജനുവരി മൂന്നിന് മരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെയാണ് പ്രതി സ്ലൈഡിങ് ജനൽ വഴി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. ലൈംഗികമായി ഉപദ്രവിക്കാനുള്ള ശ്രമം യുവതി ശക്തമായി എതിർത്തു. ഇതോടെ പ്രതി യുവതിയുടെ മൂക്കും വായയും ബലമായി പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. അബോധാവസ്ഥയിലായ യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി യുവതിയുടെ വസ്ത്രങ്ങളും കിടക്കയും പ്രതി തീയിട്ടു. യുവതിയുടെ മൊബൈൽ ഫോണും കൈക്കലാക്കിയാണ് പ്രതി കടന്നുകളഞ്ഞത്.
Also Read: ഓട്ടോയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് സ്വർണം കവർന്നു; പ്രതികൾ പിടിയിൽ
പ്രാഥമികമായി അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, ശാസ്ത്രീയ പരിശോധനകൾക്കും സിസിടിവി ദൃശ്യങ്ങൾക്കും പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ 18-കാരനിലേക്ക് എത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കർണാടക സ്വദേശിയായ കർണൽ കുറൈ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
The post ബെംഗളൂരുവിൽ ടെക്കിയുടേത് കൊലപാതകം; ബലാത്സംഗശ്രമം ചെറുത്ത യുവതിയെ ശ്വാസംമുട്ടിച്ച് കൊന്ന് തീയിട്ടു, 18-കാരൻ പിടിയിൽ appeared first on Express Kerala.



