
നെടുമങ്ങാട്: നെടുമങ്ങാടും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്. സംഭവത്തിൽ ചുള്ളിമാനൂർ സ്വദേശി അജ്മൽ, മടത്തറ ചല്ലിമുക്ക് സ്വദേശിനി അൻസീന എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടെന്ന വിവരത്തെത്തുടർന്ന് അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ്.
നെടുമങ്ങാടും പരിസരങ്ങളിലും പ്രവർത്തിക്കുന്ന ഫൈനാൻസ് സ്ഥാപനത്തിൽ പല ദിവസങ്ങളിലായി 129 വ്യാജ സ്വർണ്ണ വളകളാണ് ഇവർ പണയം വെച്ചത്. പിച്ചള, ചെമ്പ് വളകൾക്ക് മുകളിൽ സ്വർണ്ണം പൂശിയായിരുന്നു തട്ടിപ്പ്. സാധാരണ പരിശോധനകളിൽ സ്വർണ്ണമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു നിർമ്മാണം എന്നതിനാൽ സ്ഥാപന ഉടമകൾക്ക് സംശയം തോന്നിയില്ല. ആകെ 69,28,000 രൂപയാണ് ഇവർ വിവിധ സ്ഥാപനങ്ങളിൽ നിന്നായി കൈക്കലാക്കിയത്.
വാളിക്കോട്ടെ ഒരു ഫിനാൻസ് ഉടമയ്ക്ക് തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് വളകൾ വ്യാജമാണെന്ന് തെളിഞ്ഞത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുയായിരുന്നു. പ്രതികൾ നെടുമങ്ങാടിന് പുറത്തും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
The post മുക്കുപണ്ടം പണയം വച്ച് 69 ലക്ഷം തട്ടി; 129 വ്യാജ വളകൾ കണ്ടെടുത്തു appeared first on Express Kerala.



