‘ഏത് നിമിഷവും 24 മണിക്കൂറിനുള്ളിൽ തെരുവിലിറങ്ങാൻ തയ്യാറായിരിക്കണം’: രാഹുൽ ഗാന്ധി | Rahul Gandhi

Current: മലയാളം

ന്യൂഡൽഹി: ജനാധിപത്യ പുനഃസ്ഥാപനത്തിനായുള്ള പോരാട്ടത്തിൽ നിന്നും ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പുറത്താക്കണമെന്നും വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ ചേർന്ന ഇന്ത്യാ മുന്നണി നേതാക്കളുടെ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.(Rahul Gandhi Leads Opposition Strategy Meeting On CEC Gyanesh Kumar And Jantar Mantar Ban)
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ച് നടന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, തേജസ്വി യാദവ്, എം.എ. ബേബി, ഡി. രാജ, തൃണമൂൽ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു. സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെങ്കിലും കോടതി വിധി എന്തുതന്നെയായാലും രാഷ്ട്രീയവും ജനകീയവുമായ പ്രതിരോധം തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഏത് നിമിഷവും 24 മണിക്കൂറിനുള്ളിൽ തെരുവിലിറങ്ങാൻ തയ്യാറായിരിക്കാൻ നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജന്തർ മന്തറിനെ സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി നേരിടും. വരും ദിവസങ്ങളിൽ ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനാണ് പ്രതിപക്ഷ തീരുമാനം. വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്തതിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തിയ പ്രതിപക്ഷം, വരും ദിവസങ്ങളിൽ ഡൽഹി രാംലീല മൈതാനത്ത് കൂറ്റൻ റാലി സംഘടിപ്പിക്കാനും തീരുമാനിച്ചു.
രാംലീല മൈതാനത്ത് നടക്കുന്ന യോഗത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ പ്രതീകാത്മകമായി ഇംപീച്ച്മെന്റ് നടപടികൾ ചിത്രീകരിക്കുന്ന ‘മോക്ക് പാർലമെന്റ്’ സംഘടിപ്പിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. വോട്ടർ പട്ടിക ക്രമക്കേടിൽ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും നേതാക്കൾ പറഞ്ഞു.
Story Summary
Leader of Opposition Rahul Gandhi along with INDIA bloc leaders reaffirmed that political resistance will continue unconditionally in their fight against Chief Election Commissioner Gyanesh Kumar and the de-notification of Jantar Mantar as a protest site. The Opposition is preparing for nationwide mobilizations, including a major rally at Ramlila Maidan featuring a mock Parliament session.






