
പാലക്കാട്: വടകരയിലെ ഫ്ലാറ്റ് വിവാദത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. എഫ്‌ഐആറിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് കൃത്യമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിന് വടകരയിൽ സ്വന്തമായി ഫ്ലാറ്റില്ലെങ്കിൽ പിന്നെ ആരുടെ ഫ്ലാറ്റിലേക്കാണ് അദ്ദേഹം വനിതാ പ്രവർത്തകരെ ക്ഷണിച്ചതെന്നും, അവിടെ രാഹുലിന് സംരക്ഷണമൊരുക്കുന്നത് ആരാണെന്നും പുറത്തുവരേണ്ടതുണ്ട്. അതിജീവിതമാരെ അധിക്ഷേപിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും, സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും പ്രശാന്ത് ശിവൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ തങ്ങളോട് മോശമായി പെരുമാറിയെന്ന് യൂത്ത് കോൺഗ്രസിലെ വനിതാ പ്രവർത്തകർ മുൻപ് പരാതിപ്പെട്ടിരുന്നതായും ബിജെപി ആരോപിക്കുന്നു. അന്നത്തെ സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനോടാണ് പ്രവർത്തകർ പരാതി പറഞ്ഞിരുന്നത്. എന്നാൽ പരാതിയിൽ നടപടിയെടുക്കുന്നതിന് പകരം രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. രാഹുൽ അതിജീവിതയെ വടകരയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, ഇതിനു പിന്നിലെ ഗൂഢാലോചനയും സംരക്ഷകരെയും കണ്ടെത്താൻ പോലീസ് തയ്യാറാകണമെന്ന് പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു.
The post രാഹുൽ മാങ്കൂട്ടത്തിലിന് വടകരയിൽ ‘സംരക്ഷകൻ’ ആര്? ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ബിജെപി appeared first on Express Kerala.



