
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പരിഷ്കരണത്തിൽ വൻ കൃത്രിമത്വം നടക്കുന്നുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് വീണ്ടും കത്തയച്ചു. എഐ (നിർമ്മിത ബുദ്ധി) അടിസ്ഥാനമാക്കിയുള്ള ഡിജിറ്റലൈസേഷനിലെ പിശകുകൾ യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കാൻ കാരണമാകുന്നു എന്നാണ് മമതയുടെ പ്രധാന ആരോപണം. വോട്ടർ പട്ടിക പരിഷ്കരണം ആരംഭിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന് മമത അയക്കുന്ന അഞ്ചാമത്തെ കത്താണിത്.
2002-ലെ വോട്ടർ പട്ടിക ഡിജിറ്റൈസ് ചെയ്യുന്നതിനായി എഐ ഉപകരണങ്ങൾ ഉപയോഗിച്ചപ്പോൾ വോട്ടർമാരുടെ വിവരങ്ങളിൽ ഗുരുതരമായ പിശകുകൾ സംഭവിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 20 വർഷമായി വോട്ടർമാർ നടത്തിയ തിരുത്തലുകൾ കമ്മീഷൻ പാടെ അവഗണിക്കുകയാണ്. ഹിയറിംഗുകൾക്ക് ശേഷം അംഗീകരിക്കപ്പെട്ട രേഖകൾ വീണ്ടും സമർപ്പിക്കാൻ വോട്ടർമാരെ നിർബന്ധിക്കുന്നത് അവരെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും മമത കത്തിൽ ആരോപിച്ചു.
Also Read: ആദായനികുതി കുറയ്ക്കില്ല; പകരം നിയമങ്ങൾ എളുപ്പമാക്കാൻ കേന്ദ്ര നീക്കം
തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പക്ഷപാതപരമായി പെരുമാറുന്നുവെന്നും, വോട്ടർ പട്ടികയിലെ പിശകുകൾ തിരുത്തുന്നതിന് പകരം വോട്ടർമാരെ ഒഴിവാക്കാനാണ് ‘പ്രത്യേക തീവ്ര പരിഷ്കരണം’ (SIR) വഴി ശ്രമിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. മാനുഷികമായ പരിഗണനയോ കൃത്യമായ പരിശോധനയോ ഇല്ലാതെ പൂർണ്ണമായും യാന്ത്രികമായാണ് ഇപ്പോഴത്തെ നടപടികൾ മുന്നോട്ട് പോകുന്നത്. ഇത് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയെ തകർക്കുന്നതാണെന്നും മമത കത്തിൽ തുറന്നടിച്ചു.
The post ‘എഐ’ വന്നപ്പോൾ വോട്ടർമാർ പുറത്ത്! പുതിയ പരിഷ്കരണത്തിനെതിരെ മമത ബാനർജി; തിരഞ്ഞെടുപ്പ് കമ്മീഷന് അന്ത്യശാസനം? appeared first on Express Kerala.



