ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി.

Current: മലയാളം

ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച് ഊഷ്മളമായ സ്വീകരണം നൽകി. ഔദ്യോഗിക സന്ദർശനത്തിനായി അയർലണ്ടിലെത്തിയ അദ്ദേഹത്തിന് പ്രവാസി മലയാളികളുടെ ഭാഗത്തുനിന്നും സ്നേഹാദരവുകളാണ് ലഭിച്ചത്.
അയർലണ്ടിലെ ഡാറ്റാ സെന്റർ വ്യവസായം അവിടുത്തെ പാരിസ്ഥിതിക രംഗത്തെ (Environment) എത്രമാത്രം സ്വാധീനിക്കുന്നു എന്ന് പഠനം നടത്തുന്നതിനായുള്ള ബ്രിട്ടീഷ് പാർലമെന്ററി ഡെലിഗേറ്റ് സംഘാംഗമായാണ് സോജൻ ജോസഫ് അയർലണ്ടിൽ എത്തിയത്.
സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹവും സംഘവും ഐറിഷ് പാർലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.
ലൂക്കൻ മലയാളി ക്ലബ്ബ് പ്രസിഡന്റ് ബിജു ഇടക്കുന്നത്ത് സോജൻ ജോസഫിന് പൊന്നാട അണിയിച്ച് ആദരിച്ചു. രാജു കുന്നക്കാട്ട് ബൊക്കെ നൽകി സ്വീകരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് യുകെയിലെയും അയർലണ്ടിലെയും പ്രവാസി ഇന്ത്യക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും തുറന്ന ചർച്ച നടന്നു.
ഇരു രാജ്യങ്ങളിലെയും സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളുടെ പ്രാധാന്യവും യോഗം വിലയിരുത്തി. ഭാവിയിൽ ബ്രിട്ടീഷ് പാർലമെന്റ് സന്ദർശിക്കാൻ സോജൻ ജോസഫ് ചടങ്ങിൽ സംബന്ധിച്ചവരെ സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്തു.
ഷൈബു ജോസഫ്, റോയി പേരയിൽ റോയി കുഞ്ചെലക്കാട്ട് ,റെജി കുര്യൻ, ബിനോയി കുടിയിരിക്കൽ, ഡൊമിനിക് സാവിയോ, തോമസ് കളത്തിൽപറമ്പിൽ, ബെന്നി ജോസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.






