
മെല്ലെ തഴുകി തലോടുന്ന കാറ്റുപോലെ സംഗീതപ്രേമികളുടെ ഉള്ളം കവർന്ന് ‘മാജിക് മഷ്‌റൂംസ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘തലോടി മറയുവതെവിടെ നീ…’ എന്ന് തുടങ്ങുന്ന മനോഹരമായ മെലഡി ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പ്രശസ്ത ഗായിക ശ്രേയ ഘോഷാലും പുതിയ കാലത്തെ ശ്രദ്ധേയനായ ഗായകൻ ഹനാൻ ഷായും ആദ്യമായി ഒന്നിച്ചു പാടിയെന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.
‘അമർ അക്ബർ അന്തോണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാജിക് മഷ്‌റൂംസ്’. സംഗീത സംവിധായകന്റെ കുപ്പായം കൂടി അണിയുന്ന നാദിർഷയുടെ ഹൃദ്യമായ ഈണത്തിന് ബി.കെ. ഹരിനാരായണനാണ് വരികൾ കുറിച്ചിരിക്കുന്നത്. ലളിതമായ വരികളും ആർദ്രമായ ആലാപനവും ഗാനത്തെ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കാൻ സഹായിച്ചു.
Also Read: വീണ്ടും ഹിറ്റടിക്കാൻ നിവിൻ പോളി; ‘ബേബി ഗേൾ’ ജനുവരിയിൽ തീയറ്ററുകളിലേക്ക്
കുടുംബചിത്രവുമായി നാദിർഷ
പൂർണ്ണമായും ഒരു ഫൺ ഫാമിലി ഫീൽ ഗുഡ് എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും. അക്ഷയ ഉദയകുമാറാണ് ചിത്രത്തിലെ നായിക. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്‌റഫ് പിലാക്കൽ നിർമ്മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്.
ചിത്രത്തിലെ തന്നെ കെ.എസ്. ചിത്രയും റിമി ടോമിയും ചേർന്ന് പാടിയ ‘ആരാണേ ആരാണേ…’ എന്ന ഗാനം നേരത്തെ തന്നെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. ശങ്കർ മഹാദേവൻ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ് തുടങ്ങിയ മുൻനിര ഗായകരും ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്.
വൻ താരനിര
ഹരിശ്രീ അശോകൻ, അജു വർഗീസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, സിദ്ധാർഥ് ഭരതൻ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുജിത്ത് വാസുദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ജോൺകുട്ടിയാണ്. ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
The post ആസ്വാദക ഹൃദയം കവർന്ന് ‘തലോടി മറയുവതെവിടെ നീ…’; മാജിക് മഷ്‌റൂംസിലെ മെലഡി പുറത്തിറങ്ങി appeared first on Express Kerala.



