വിഴിഞ്ഞത്ത് സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിച്ചു. പെൺകുട്ടികളെ എത്തിച്ചത് രണ്ട് വീടുകളിലായി. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും അതിക്രമത്തിന് ശ്രമം. അഞ്ചംഗ സംഘം അറസ്റ്റിൽ, പിടിയിലായവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ

Current: മലയാളം

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഘം അറസ്റ്റിൽ.
സംഭവത്തിൽ വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ലക്ഷംവീട്ടിൽ ടിനു (20), വിഴിഞ്ഞം കോട്ടപ്പുറം തുലവിള സൂസന്ന ഹൗസിൽ ലിൻസൺ (21) എന്നിവരെയും പ്രായപൂർത്തിയാകാത്ത മൂന്ന് സ്കൂൾ വിദ്യാർത്ഥികളെയുമാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്.
പ്രതികൾ ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പ്രണയം നടിച്ച് വശീകരിക്കുകയുമായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് പീഡന പരമ്പരകൾക്ക് തുടക്കമായത്. രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെയും വെവ്വേറെ രണ്ട് വീടുകളിലെത്തിച്ചായിരുന്നു സംഘം പീഡനത്തിന് ഇരയാക്കിയത്.
ഈ സമയത്ത് എടുത്ത നഗ്നദൃശ്യങ്ങൾ കൈവശമുണ്ടെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും വഴങ്ങാൻ പെൺകുട്ടികളെ ഇവർ നിരന്തരം നിർബന്ധിക്കുകയായിരുന്നു. ഇവർ പഠിക്കുന്ന സ്കൂളിലെ സഹപാഠികളായ വിദ്യാർത്ഥികൾ വഴിയായിരുന്നു ഭീഷണി സന്ദേശങ്ങൾ കൈമാറിയിരുന്നത്.
പ്രതികളുടെ നീക്കങ്ങളിൽ നിന്ന് പെൺകുട്ടികൾ ഒഴിഞ്ഞുമാറാൻ തുടങ്ങിയതോടെ സ്കൂളിലേക്കുള്ള യാത്രാമധ്യേ റോഡിൽ തടഞ്ഞുനിർത്തി പരസ്യമായി ശല്യം ചെയ്യാനും ഭീഷണിപ്പെടുത്താനും തുടങ്ങി. മാനസിക പീഡനവും ഭീഷണിയും സഹിക്കാനാവാതെ വന്നതോടെ പെൺകുട്ടികൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘം പിടിയിലായത്. പ്രധാന പ്രതിയായ ടിനുവിന് പെൺകുട്ടികളെ പീഡിപ്പിക്കാൻ മറ്റ് നാല് പ്രതികളും ഒത്താശയും സൗകര്യങ്ങളും ചെയ്തുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയ വിഴിഞ്ഞം പോലീസ്, പ്രതികളെ കോടതിയിൽ ഹാജരാക്കി.






