പള്ളിയിൽ പ്രാർഥന നയിക്കുന്നതിനിടെ വലിയ കുരിശ് ദേഹത്തേക്ക് വീണു. ഇക്വഡോറിൽ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം. അപകടം തത്സമയ സംപ്രേഷണത്തിനിടെ. മരണവാർത്ത സ്ഥിരീകരിച്ച് അതിരൂപത

Current: മലയാളം

ക്വിറ്റോ: തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ ഭിത്തിയിൽ ഘടിപ്പിച്ചിരുന്ന ഭീമൻ കുരിശ് ദേഹത്തേക്ക് വീണ് കത്തോലിക്കാ വൈദികന് ദാരുണാന്ത്യം.
ഗ്വയാക്വിൽ നഗരത്തിലെ ‘ന്യൂസ്ട്ര സെനോര ഡെൽ പെർപെറ്റിയൂ സൊക്കോറോ’ (Nuestra Señora del Perpetuo Socorro) പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കത്തോലിക്കാ സഭാ പുരോഹിതനായ പട്രീഷ്യോ ആൽഫ്രഡോ സാഞ്ചേസ് മോലിനാരിയാണ് അപ്രതീക്ഷിത അപകടത്തിൽ മരണപ്പെട്ടത്.
ശനിയാഴ്ച പള്ളിയിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നയിച്ചുകൊണ്ട് അൾത്താരയിൽ വിശ്വാസികളെ അഭിമുഖീകരിച്ച് നിൽക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ അൾത്താരയ്ക്ക് പിന്നിലെ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന വലിയ മരക്കുരിശ് നിയന്ത്രണം വിട്ട് മുൻപോട്ട് പതിക്കുകയായിരുന്നു.
പെട്ടെന്നുള്ള വീഴ്ചയിൽ കുരിശ് നേരിട്ട് വൈദികന്റെ തലയിലേക്കും ശരീരത്തിലേക്കും ആഞ്ഞടിച്ചു. ഉടൻ തന്നെ വിശ്വാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാർഥനാ ചടങ്ങുകൾ സാമൂഹിക മാധ്യമങ്ങൾ വഴി തത്സമയം സംപ്രേഷണം (Livestream) ചെയ്തിരുന്നതിനാൽ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിയുകയും പിന്നീട് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഞായറാഴ്ച ഗ്വയാക്വിൽ അതിരൂപത ഔദ്യോഗിക പ്രസ്താവനയിലൂടെ ഫാദർ പട്രീഷ്യോയുടെ വിയോഗവാർത്ത സ്ഥിരീകരിക്കുകയും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.






