അറബ് സഖ്യസേന: സൗദിയിലെ നജ്‌റാനിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Current: മലയാളം

ജിദ്ദ: നജ്‌റാൻ മേഖലയിൽ ഒരു രഹസ്യാന്വേഷണ ഹെലികോപ്റ്റർ തകർന്ന് രണ്ട് ജീവനക്കാർ മരണപ്പെട്ടു. സൗദി നാഷണൽ ഗാർഡിന്റെ AH-6i രഹസ്യാന്വേഷണ ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം ദക്ഷിണ സൗദിയിലെ നജ്‌റാൻ മേഖലയിൽ തകർന്നുവീണതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വാക്താവ് മേജർ ജനറൽ തുർക്കി അൽമാലികി ഞായറാഴ്ച ഒരു പത്രക്കുറിപ്പിൽ വിവരിച്ചു.
അപകടത്തിൽ ഹെലികോപ്റ്ററിലെ രണ്ടംഗ ജീവനക്കാർ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോയിംഗ് കമ്പനി വികസിപ്പിച്ചെടുത്ത ഈ ഹെലികോപ്റ്റർ താരതമ്യേന വലിപ്പത്തിൽ ചെറുതും റഡാറും ദൃശ്യ സിഗ്നേച്ചറും ലളിതവുമാണ്.
എന്നാൽ, ഇതിന് ഉയർന്ന പ്രവർത്തനക്ഷമത ഉണ്ടെന്നും നഗര – പർവത പരിതസ്ഥിതികളിൽ സായുധ രഹസ്യാന്വേഷണത്തിനും എസ്കോർട്ടിംഗിനും ഏറെ അനുയോജ്യമാണ്. കൂടാതെ അതിന്റെ നൂതന സെൻസർ സംവിധാനങ്ങൾ മൂലം പകലും രാത്രിയും ദൗത്യങ്ങൾ നടത്താനും കഴിയുമായിരുന്നെന്നും പ്രസ്താവന തുടർന്നു.
അതേസമയം, ശനിയാഴ്ച രാത്രി സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ഹൂഥി കലാപകാരികളുടെ ഒരു ഡ്രോൺ തടഞ് നശിപ്പിച്ചതായും, റിയാദ് മേഖലയിൽ രണ്ട് ഡ്രോണുകൾ നശിപ്പിച്ചതായും, ഖമീസ് മുഷൈത്തിലേക്ക് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായും മേജർ ജനറൽ തുർക്കി അൽമാലികി വെളിപ്പെടുത്തി.
ഹൂഥി മിലിഷ്യകൾ വിക്ഷേപിച്ച ക്രൂയിസ് മിസൈലുകളും ഡ്രോണുകളും വ്യോമസേന തടഞ്ഞു നിർവീര്യമാക്കുന്നതിന്റെ ദൃശ്യങ്ങളും സഖ്യസേന പുറത്തുവിട്ടു.
സൗദി അറേബ്യയിലേക്ക് മിസൈലുകൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് യമനിലെ സഅദ പ്രദേശത്തെ രണ്ട് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും സഖ്യസേന പുതുതായി പുറത്തുവിട്ടവയിൽ ഉൾപ്പെടുന്നു.






