‘ആളില്ലാത്ത വീട്ടിൽ കള്ളൻ കയറിയതുപോലെ’; വഖഫ് ബോർഡ് പുനഃസംഘടനയ്‌ക്കെതിരെ കെ എസ് ഹംസ | K S Hamsa criticism of Waqf Board decision

Current: മലയാളം

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയെച്ചൊല്ലി വിവാദം ശക്തമാകുന്നു. പുനഃസംഘടനാ തീരുമാനത്തിനെതിരെ മുൻ വഖഫ് ബോർഡ് ചെയർമാനും സമസ്ത എ.പി. വിഭാഗം നേതാവുമായ കെ എസ് ഹംസ രംഗത്തെത്തി. ‘ആളില്ലാത്ത വീട്ടിൽ കള്ളൻ കയറിയതുപോലെയാണ്’ പുനഃസംഘടനയെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സർക്കാർ എല്ലാ മര്യാദകളുടെയും പരിധി ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു. പുനഃസംഘടനയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി സമസ്ത എ.പി. വിഭാഗം മുസ്‌ലിം ലീഗിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താൽപര്യങ്ങൾ നീതിപൂർവം പരിഗണിക്കാതെ ചിലരെ അവഗണിക്കുന്നത് അനീതിയാണെന്നാണ് സിറാജ് പത്രത്തിന്റെ മുഖപ്രസംഗത്തിലെ വിമർശനം. പുനഃസംഘടന വഞ്ചനാപരമാണെന്നും മുഖപ്രസംഗം ആരോപിക്കുന്നു. (K S Hamsa criticism of Waqf Board decision)
എന്നാൽ, മുസ്‌ലിം സംഘടനകൾക്കെല്ലാം വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. നിലവിൽ പരിഗണന ലഭിക്കാത്തവരെ ഹജ്ജ് കമ്മിറ്റിയിലേക്ക് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി അവധിക്ക് പോകുന്ന ദിവസം സർക്കാർ തീരുമാനമെടുത്തതിലും വിവിധ കോണുകളിൽനിന്ന് അതൃപ്തി ഉയരുന്നുണ്ട്. പുനഃസംഘടനയ്‌ക്കെതിരെ പരസ്യപ്രതിഷേധത്തിലേക്ക് കടക്കാനാണ് സമസ്ത എ.പി. വിഭാഗത്തിന്റെ നീക്കം.
Summary: The reorganization of the Kerala State Waqf Board has triggered a dispute, with former chairman K. S. Hamsa criticizing the decision. The Samastha AP faction has alleged that certain groups were overlooked, while IUML state president Sadiq Ali Shihab Thangal said all Muslim organizations had been represented.






