ബോളിവുഡിനെ നടുക്കി വീണ്ടും ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി: നടൻ രൺവീർ സിംഗിൽ നിന്ന് 20 കോടി ആവശ്യപ്പെട്ടു

Current: മലയാളം

മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ മാനേജരുടെ ഫോണിലേക്ക് യു.എസില്‍ രജിസ്റ്റര്‍ ചെയ്ത അജ്ഞാത നമ്പറില്‍ നിന്ന് ഒരു വോയ്സ് നോട്ട് എത്തി.
ശാന്തമായ ശബ്ദത്തില്‍ 20 കോടി രൂപ കപ്പപ്പണം ആവശ്യപ്പെട്ട സന്ദേശത്തില്‍, പണം നല്‍കിയില്ലെങ്കില്‍ നടന് ലഭിക്കാന്‍ പോകുന്നത് വരും തലമുറകള്‍ പോലും ഓര്‍ത്തുനില്‍ക്കുന്ന ശിക്ഷയായിരിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
സന്ദേശത്തിന്റെ അവസാനം ‘ഹരി ബോക്സര്‍, ബിഷ്ണോയ് ഗാംഗ്’ എന്ന പേരും വെളിപ്പെടുത്തിയിരുന്നു. പ്രമുഖ സംവിധായകന് രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിയുതിര്‍ക്കുകയും പ്രമുഖ രാഷ്ട്രീയ നേതാവ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ക്ക് പിന്നാലെ എത്തിയ ഈ ഭീഷണി സിനിമാ ലോകത്ത് കടുത്ത ഭീതി പടര്‍ത്തിയിരിക്കുകയാണ്.
1990-കളില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘം ദുബായില്‍ നിന്ന് ബോളിവുഡിനെ ഭയപ്പെടുത്തിയിരുന്നതിന് സമാനമായ അവസ്ഥയാണ് നിലവിലും ഉണ്ടാകുന്നത്.
എന്നാല്‍ ഈ കൊള്ള സംഘങ്ങളുടെയെല്ലാം തലവനായ 32-കാരന് ലോറന്‍സ് ബിഷ്ണോയ് കടുത്ത സുരക്ഷയുള്ള ജയിലില്‍ കിടന്നുകൊണ്ടാണ് ഇതെല്ലാം ആസൂത്രണം ചെയ്യുന്നത് എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്.
രാജസ്ഥാനിലെ താര് മരുഭൂമിയില്‍ 1899-ലുണ്ടായ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ബിക്കാനീര്‍ മഹാരാജാവ് ഗംഗാസിംഗ് മുന്‍കൈ എടുത്ത് നിര്‍മ്മിച്ച ഗംഗാ കനാലും, തുടര്‍ന്ന് പഞ്ചാബ്-രാജസ്ഥാന് അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കുടിയേറിയ ബിഷ്ണോയ് സമുദായക്കാരുടെ ചരിത്രവും ഈ വധഭീഷണികളുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
വന്യജീവികളെ ദൈവത്തെപ്പോലെ കാണുകയും 29 പുണ്യനിയമങ്ങള് പിന്തുടരുകയും ചെയ്യുന്ന ബിഷ്ണോയ് സമുദായത്തിലെ പുതിയ തലമുറയില്‍ നിന്നാണ് രാജ്യത്തെ വിറപ്പിക്കുന്ന അധോലോക നേതാവായി ലോറന്‍സ് ബിഷ്ണോയ് വളര്‍ന്നത്.






