
വോൾവോ EX30-യിൽ ഉപയോഗിച്ചിരിക്കുന്ന ഉയർന്ന വോൾട്ടേജ് ബാറ്ററി സെല്ലുകൾ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വോൾവോയുടെ ഈ അടിയന്തര നടപടി. വെറും 0.02% ബാറ്ററികളിൽ മാത്രമാണ് ഈ പ്രശ്നം കണ്ടെത്തിയതെങ്കിലും, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം.
ആഗോള തിരിച്ചുവിളി
യുകെയിൽ നിന്ന് 10,440 യൂണിറ്റുകളും ദക്ഷിണാഫ്രിക്കയിൽ നിന്ന് 372 യൂണിറ്റുകളും ഉൾപ്പെടെ ആകെ 33,777 EX30 കാറുകളാണ് വോൾവോ തിരിച്ചുവിളിച്ചിരിക്കുന്നത്. 2025 നവംബറിൽ ബ്രസീലിലെ ഒരു ഡീലർഷിപ്പിൽ പാർക്ക് ചെയ്തിരുന്ന EX30 പെട്ടെന്ന് തീപിടിച്ചത് വലിയ വാർത്തയായിരുന്നു. ഇത് ബാറ്ററി തകരാറാണെന്ന സംശയം ബലപ്പെടുത്തി.
നിർദ്ദേശം: നിലവിൽ ഈ മോഡൽ ഉപയോഗിക്കുന്നവരോട് കാർ 70 ശതമാനത്തിൽ കൂടുതൽ ചാർജ് ചെയ്യരുതെന്ന് വോൾവോ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഫുൾ ചാർജിംഗ് ഒഴിവാക്കുന്നത് ബാറ്ററി ചൂടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
നിയമനടപടി: വോൾവോയുടെ മാതൃകമ്പനിയായ ഗീലി ഗ്രൂപ്പിന്റെ ഉപവിഭാഗം, മോശം ഗുണനിലവാരമുള്ള ബാറ്ററി വിതരണം ചെയ്തതിന് സൺവോഡയ്‌ക്കെതിരെ ഏകദേശം 2.31 ബില്യൺ യുവാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വോൾവോ EX30 ഉപഭോക്താക്കൾക്കായി കമ്പനി ഇതുവരെ ഔദ്യോഗികമായി തിരിച്ചുവിളിക്കൽ അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. എങ്കിലും വിദേശ വിപണികളിലെ ഈ പ്രതിസന്ധി വോൾവോയുടെ സുരക്ഷാ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്.
The post സുരക്ഷാ രാജാവിനും അടിതെറ്റി! 33,000 വോൾവോ ഇലക്ട്രിക് കാറുകൾ തിരിച്ചുവിളിച്ചു appeared first on Express Kerala.



