
കുവൈത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതൽ രാജ്യം ന്യൂനമർദ്ദത്തിന്റെ പരിധിയിലാകുന്നതോടെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇതിനുപിന്നാലെ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തെ കാർഷിക-മരുഭൂമി മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി വ്യക്തമാക്കി. ചൂടുള്ള ഈർപ്പമുള്ള വായുപ്രവാഹം തെക്കുകിഴക്കൻ കാറ്റിനും മഴയ്ക്കും കാരണമാകുമെന്നും അധികൃതർ അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം വരെ താപനിലയിൽ നേരിയ വർധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ചൊവ്വാഴ്ച രാത്രിയോടെ എത്തുന്ന തണുത്ത വായുപ്രവാഹം കുവൈത്തിലെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കും. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് പൊടിക്കാറ്റിനും കടലിൽ ആറ് അടിയിലധികം ഉയരമുള്ള തിരമാലകൾക്കും കാരണമായേക്കാം. ബുധൻ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നും കുറഞ്ഞ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
The post കുവൈത്തിൽ കാലാവസ്ഥ മാറുന്നു; മഴയ്ക്കും പൊടിക്കാറ്റിനും പിന്നാലെ മഞ്ഞുവീഴ്ചയ്ക്കും സാധ്യത appeared first on Express Kerala.



